kvves
കേരള വ്യാപാരി വ്യവസായി ഏകോപന സമിതി വനിതാ വിംഗ് ജില്ലാ കമ്മിറ്റി നെടുമ്പാശേരി മേഖലയിൽ നിർമ്മിച്ച 'ഭവനം സാന്ത്വനം' പദ്ധതിയിലെ ആദ്യ വീട്

നെടുമ്പാശേരി: കേരള വ്യാപാരി വ്യവസായി ഏകോപനസമിതി വനിതാവിംഗ് ജില്ലാ കമ്മിറ്റി നെടുമ്പാശേരി മേഖലയിൽ നിർമ്മിക്കുന്ന 'ഭവനം സാന്ത്വനം' പദ്ധതിയിലെ ആദ്യവീട് അർബുദ രോഗിയായ ജൂലിക്ക് ഇന്ന് കൈമാറും. ശിലാസ്ഥാപനം നിർവഹിച്ച് 70 ദിവസം കൊണ്ടാണ് വീടിന്റെ നിർമ്മാണം പൂർത്തീകരിച്ചത്.

മേയ്ക്കാട് ജനസേവ ബോയ്‌സ് ഹോം സൗജന്യമായി നൽകിയ അഞ്ചുസെന്റ് സ്ഥലത്ത് 450 ചതുരശ്ര അടി വിസ്തീർണത്തിലാണ് വീട് നിർമ്മിച്ചിരിക്കുന്നത്. താക്കോൽദാനം ഇന്ന് രാവിലെ പത്തിന് ഏകോപന സമിതി ജില്ലാ പ്രസിഡന്റ് പി.സി. ജേക്കബ് നിർവഹിക്കും. വനിതാവിംഗ് ജില്ലാ പ്രസിഡന്റ് സുബൈദ നാസർ അദ്ധ്യക്ഷയാകും. നിർമ്മാണ പ്രവർത്തനങ്ങളിൽ സഹകരിച്ചവരെ ജില്ലാ ജനറൽ സെക്രട്ടറി എ.ജെ. റിയാസ് ആദരിക്കും. സമിതി മേഖലാ പ്രസിഡന്റ് സി.പി. തരിയൻ ചെയർമാനും ജനറൽ സെക്രട്ടറി കെ.ബി. സജി ജനറൽ കൺവീനറുമായുള്ള കമ്മിറ്റിയാണ് നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തീകരിച്ചത്.

ജില്ലയിലെ 14 മേഖലകളിലും ഒരു വീടെന്ന ലക്ഷ്യത്തോടെയാണ് പദ്ധതി ആരംഭിച്ചിരിക്കുന്നത്. അങ്കമാലി, പറവൂർ മേഖലകളിൽ രണ്ട് വീടുകളുടെ നിർമ്മാണം പുരോഗമിക്കുന്നു.