നെടുമ്പാശേരി: പാറക്കടവ് കൃഷി ഓഫീസർ സ്ഥലം മാറിപ്പോയി മാസങ്ങൾ പിന്നിട്ടിട്ടും പകരം നിയമനമില്ലാത്തതിനാൽ കർഷകർ വലയുന്നു. പാടശേഖരങ്ങളിൽ നിന്ന് സിവിൽ സപ്ലൈസ് നേരിട്ട് നെല്ല് സംഭരണം നടത്തുന്നതിന്റെ താളംതെറ്റിയെന്ന് കർഷകർ ആരോപിക്കുന്നു.
പഞ്ചായത്ത് ഭരണസമിതി താത്പര്യമെടുക്കാത്തതിനെത്തുടർന്നാണ് നിയമനം വൈകുന്നതെന്നാണ് കർഷകരുടെ പരാതി.
ജില്ലയിലെ പ്രധാന കാർഷിക മേഖലയായ പാറക്കടവ് പഞ്ചായത്തിലെ എല്ലാ വാർഡുകളിലും കൃഷി ഉപജീവന മാർഗമാക്കിയിട്ടുള്ള നിരവധി കർഷകരുണ്ട്. ഹെക്ടർ കണക്കിന് പാടശേഖരങ്ങളും നിരവധി നെല്ലുത്പാദക സംഘങ്ങളമുള്ള പഞ്ചായത്താണിത്. മുണ്ടകൻ കൃഷിയുടെ വിളവെടുപ്പ് പലയിടത്തും ഇതുവരെ പൂർത്തിയായിട്ടില്ല. നെല്ല് വിളവെടുപ്പിന്റെ താളം തെറ്റിയതിന് പുറമെ വാഴ, ജാതി, പച്ചക്കറി, തെങ്ങ് തുടങ്ങിയ കൃഷികൾക്ക് ആവശ്യമായ വിത്ത്, വളം സബ്‌സിഡികളും കൃത്യമായി കർഷകർക്ക് ലഭിക്കുന്നില്ല. കൃഷി അസിസ്റ്റന്റിനെ ഉപയോഗപ്പെടുത്തിയാണ് നിലവിൽ ഈ പ്രവർത്തനങ്ങളെല്ലാം നടത്തുന്നത്.
നെടുമ്പാശേരി കൃഷി ഓഫീസർക്ക് പാറക്കടവിന്റെ താത്കാലിക ചുമതല നൽകിയിട്ടുണ്ടെങ്കിലും എല്ലാദിവസവും ഈ ഒാഫീസിലെത്താൻ കഴിയാത്തതിനാൽ ബുദ്ധിമുട്ടുകയാണെന്ന് കർഷകർ പരാതിപ്പെടുന്നു. പാറക്കടവിൽ അടിയന്തിരമായി സ്ഥിരം കൃഷി ഓഫീസറെ നിയമിച്ചില്ലെങ്കിൽ കാര്യങ്ങൾ കൂടുതൽ അവതാളത്തിലാകുകയും കാർഷിക മേഖലയുടെ വളർച്ചയെ ഇത് ഗുരുതരമായി ബാധിക്കുകയും ചെയ്യുമെന്ന് കർഷകർ പറയുന്നു.