പറവൂർ: മൂത്തകുന്നം ഗവ. എൽ.പി.ജി സ്കൂളിൽ മോഷണശ്രമം. മേൽക്കൂര പൊളിച്ച് അകത്തുകടന്ന മോഷ്ടാവ് അലമാരകൾ കുത്തിത്തുറന്നു. വ്യാഴാഴ്ച രാത്രിയാണ് സംഭവം. മൂത്തകുന്നം സർക്കാർ ആശുപത്രിക്ക് തൊട്ടുചേർന്നാണ് സ്കൂൾ സ്ഥിതിചെയ്യുന്നത്. വ്യാഴാഴ്ച വൈകിട്ട് ജീവനക്കാർ സ്കൂൾ പൂട്ടിപ്പോയതാണ്. ഇന്നലെ രാവിലെ എത്തിയപ്പോഴാണ് താഴുതകർത്ത നിലയിലും മേൽക്കൂരയിലെ ഓടുപൊളിച്ച നിലയിലും കണ്ടത്. അലമാരയിൽ നിന്ന് സാധനങ്ങൾ വലിച്ചുവാരി ഇട്ടിരുന്നെങ്കിലും ഫയലുകളും രേഖകളും നശിപ്പിച്ചിട്ടില്ല. സ്കൂളിലെ ലാപ്പ്ടോപ് കമ്പ്യൂട്ടർ ഉൾപ്പെടെയുള്ള ഉപകരണങ്ങളും നഷ്ടപ്പെടുകയോ നശിപ്പിക്കുകയോ ചെയ്തിട്ടില്ല. വടക്കേക്കര പൊലീസ് കേസെടുത്ത് പൊലീസ് അന്വേഷണം ആരംഭിച്ചു.