ആലുവ: ആലുവ ജനസേവ ശിശുഭവനിലെ ഐ.എ.എസുകാരിയാകുക എന്ന ലക്ഷ്യത്തോടെ ശോഭാമഞ്ജുവും നാല് കൂട്ടുകാരികളും എസ്.എസ്.എൽ.സി. പരീക്ഷയെഴുതിത്തുടങ്ങി
സർക്കാർ സംവിധാനങ്ങൾ തളർത്തിക്കളഞ്ഞിട്ടും കൊവിഡ് മഹാമാരിയുടെ ഭീഷണിക്കിടയിലും ജനസേവയിലെ കുട്ടികൾ ഏറെ ആത്മവിശ്വാസത്തോടെയാണ് പരീക്ഷയെഴുതുന്നത്. ശോഭാ മഞ്ജു, മീനാക്ഷി ആർ, ജ്യോതിരാജു, സന്ധ്യ യശോധരൻ, അനു മാരിയപ്പൻ എന്നിവരാണ് പരീക്ഷയെഴുതുന്നത്. ജീവിതപ്രതിസന്ധികളിൽ തളർന്നപ്പോൾ അവർക്ക് അഭയമേകിയ ജനസേവ ഇന്ന് പ്രതിസന്ധികളിലൂടെയാണ് കടന്നുപോകുന്നത്. കൂനമ്മാവ് സെന്റ് ഫിലോമിനാസ് സ്‌കൂളിലെ അദ്ധ്യാപകരുടെ പ്രോത്സാഹനത്തിലും ചിട്ടയായ പരിശീലനത്തിലുമാണ് ജനസേവയിലെ കുട്ടികൾ പരീക്ഷയ്ക്ക് തയ്യാറെടുത്തിരിക്കുന്നത്.
ശോഭാമഞ്ജു സ്‌കൂളിലെ ഇതുവരെയുള്ള പരീക്ഷകളിൽ എല്ലാ വിഷയങ്ങൾക്കും നൂറിൽ നൂറുനേടി ജനസേവയുടെ അഭിമാനതാരമായിരിക്കുകയാണ്.
എറണാകുളം ശിശുക്ഷേമ സമിതിയുടെ നിർദ്ദേശപ്രകാരം ജനസേവയിലെ കുട്ടികളുടെ നിയന്ത്രണം 2018 മേയ് 20 മുതൽ സർക്കാർ ഏറ്റെടുത്തെങ്കിലും ഇപ്പോഴും ജനസേവ തന്നെയാണ് കുട്ടികളുടെ ദൈനംദിന കാര്യങ്ങൾ നടത്തുന്നത്. ജനസേവയിലെ കുട്ടികളുടെ ക്ഷേമത്തിനായി സർക്കാർ പണമൊന്നും ഇതുവരെ ചെലവഴിച്ചിട്ടില്ല.