കൊച്ചി: സ്വർണക്കടത്തു കേസിൽ മുഖ്യമന്ത്രിയുടെ പേരു പറയാൻ നിർബന്ധിച്ചെന്ന പരാതികളിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് (ഇ.ഡി) എതിരെ ക്രൈംബ്രാഞ്ച് രജിസ്റ്റർ ചെയ്ത കേസുകൾ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഇ.ഡി ഡെപ്യൂട്ടി ഡയറക്ടർ പി. രാധാകൃഷ്‌ണൻ നൽകിയ ഹർജികൾ ഹൈക്കോടതി ഏപ്രിൽ 16 നു വിധി പറയാൻ മാറ്റി.
മുഖ്യമന്ത്രിയുടെ പേരു പറയാൻ നിർബന്ധിച്ചെന്ന സ്വപ്നയുടെ ശബ്ദരേഖ പുറത്ത് വന്നതിനെത്തുടർന്ന് രജിസ്റ്റർ ചെയ്ത കേസിൽ ഇ.ഡി ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടികൾ പാടില്ലെന്നും, ഇതേ ആരോപണമുന്നയിച്ച് സന്ദീപ് നായർ നൽകിയ പരാതിയിലെടുത്ത കേസിൽ തുടർ നടപടികളൊന്നും പാടില്ലെന്നും സിംഗിൾബെഞ്ച് നേരത്തേ ഇടക്കാല ഉത്തരവുകൾ നൽകിയിരുന്നു. വിധി വരുന്നതുവരെ ഇടക്കാല ഉത്തരവുകൾ തുടരുമെന്ന് ജസ്റ്റിസ് വി.ജി. അരുൺ വ്യക്തമാക്കി. സന്ദീപിന്റെ രഹസ്യമൊഴി രേഖപ്പെടുത്താൻ അനുവദിക്കണമെന്ന ക്രൈംബ്രാഞ്ചിന്റെ ആവശ്യം ഹൈക്കോടതി അനുവദിച്ചില്ല. എറണാകുളം ചീഫ് ജുഡിഷ്യൽ മജിസ്ട്രേട്ട് കോടതി സന്ദീപിന്റെ രഹസ്യമൊഴി രേഖപ്പെടുത്താൻ നേരത്തെ അനുമതി നൽകിയിരുന്നു.
സ്വർണക്കടത്തു കേസിലെ മുഖ്യപ്രതികളിലൊരാളായ സ്വപ്ന സുരേഷ് കോടതിയിൽ നൽകിയ മൊഴിയാണോ ,ശബ്ദരേഖയിൽ പറയുന്ന കാര്യങ്ങളാണോ ശരിയെന്നാണ് ക്രൈംബ്രാഞ്ച് അന്വേഷിക്കുന്നതെന്ന് ഇ.ഡിക്കു വേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്ത വാദിച്ചു. ഒരു ഏജൻസിയുടെ അന്വേഷണത്തിലെ സത്യാവസ്ഥ മറ്റൊരു ഏജൻസി അന്വേഷിക്കുന്നത് ശരിയല്ല. ഇ.ഡിയുടെ അന്വേഷണത്തിൽ അപാകതയുണ്ടെങ്കിൽ ഇതിനെതിരെ കോടതിയെ സമീപിക്കുകയാണ് വേണ്ടതെന്നും സോളിസിറ്റർ ജനറൽ വാദിച്ചു. ഒരേ വിഷയത്തിലാണ് രണ്ടു കേസുകൾ രജിസ്റ്റർ ചെയ്തതെന്നും ഒരേ വീഞ്ഞ് രണ്ടു കുപ്പികളിലാക്കുന്ന വിദ്യയാണിതെന്നും അഡി. സോളിസിറ്റർ ജനറൽ എസ്.വി. രാജു വാദിച്ചു. എഫ്.ഐ.ആറുകളിലെ പലകുറ്റങ്ങളും നിലനിൽക്കില്ലെന്ന് മറ്റൊരു അഡി. സോളിസിറ്റർ ജനറൽ കെ.എം. നടരാജും വ്യക്തമാക്കി.
എന്നാൽ, ക്രൈംബ്രാഞ്ചിന്റെ അന്വേഷണത്തെ ഇ.ഡി തടസപ്പെടുത്തുകയാണെന്നും സന്ദീപിന്റെ രഹസ്യമൊഴി രേഖപ്പെടുത്തിയാൽ ഗൂഢാലോചന പുറത്തു വരുമെന്നും ക്രൈംബ്രാഞ്ചിനു വേണ്ടി ഹാജരായ മുൻ അഡി. സോളിസിറ്റർ ജനറൽ ഹരിൻ പി. റാവൽ വാദിച്ചു. സന്ദീപ് നായർ കോടതിക്ക് എഴുതിയ കത്ത് പരിഗണിച്ച പ്രിൻസിപ്പൽ സെഷൻസ് കോടതി ഇ.ഡിയോടു വിശദീകരണം തേടിയിരുന്നെന്നും വിശദീകരണം ഇന്നലെ നൽകിയെന്നും ഇ.ഡിയുടെ സ്പെഷ്യൽ കൗൺസൽ അഡ്വ. ടി.എ. ഉണ്ണിക്കൃഷ്‌ണൻ വിശദീകരിച്ചു.
ക്രൈംബ്രാഞ്ച് വ്യാജ തെളിവ് സൃഷ്ടിക്കുന്നുവെന്ന് ഇ.ഡി
കൊച്ചി: സ്വർണക്കടത്തു കേസ് പ്രതി സന്ദീപ് നായർ എട്ടു മാസം ജയിലിൽ കിടന്ന ശേഷം എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) ഉദ്യോഗസ്ഥർക്കെതിരെ പരാതി ഉന്നയിക്കുന്നത് ഉന്നത സ്വാധീനമുള്ള വ്യക്തികളുടെ ഉപദേശം മൂലമാണെന്നും, ഇ.ഡിക്കെതിരെ ക്രൈംബ്രാഞ്ച് സംഘം വ്യാജ തെളിവുകൾ സൃഷ്ടിക്കുകയാണെന്നും ഇ.ഡി ഡെപ്യൂട്ടി ഡയറക്ടർ പി. രാധാകൃഷ്‌ണൻ ഹൈക്കോടതിയിൽ മറുപടി സത്യവാങ്മൂലം നൽകി. ഇ.ഡിക്കെതിരെ ക്രൈംബ്രാഞ്ചെടുത്ത കേസുകൾ റദ്ദാക്കണമെന്നാവശ്യപ്പെട്ട് രാധാകൃഷ്‌ണൻ നൽകിയ ഹർജികളിലാണിത്.
ഇ.ഡി പറയുന്നത്
ഇ.ഡിക്കെതിരെ കേസെടുത്തത് നിയമനടപടികളുടെ ദുരുപയോഗമാണ്. മുമ്പെങ്ങുമില്ലാത്ത പ്രതിസന്ധിക്ക് ഇതിടയാക്കി.
ഇ.ഡിക്കെതിരെ സന്ദീപ് നൽകിയ പരാതി കോടതിയുടെ പരിഗണനയിലിരിക്കെ ,എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തത് കോടതിയലക്ഷ്യമാണ്.
ഇ.ഡിക്കെതിരെ രജിസ്റ്റർ ചെയ്ത കേസിൽ സന്ദീപിനെ ജയിലിൽ ചോദ്യം ചെയ്യാനും രഹസ്യമൊഴി രേഖപ്പെടുത്താനും കോടതിയിൽ നിന്ന് അനുമതി വാങ്ങിയത് ഇ.ഡി ഉദ്യോഗസ്ഥർ അറിയാതെയാണ്.
ജയിലിൽ മൊഴി രേഖപ്പെടുത്തിയതിന്റെ തുടർച്ചയായാണ് രഹസ്യമൊഴി രേഖപ്പെടുത്താൻ ഒരുങ്ങുന്നത്. പറഞ്ഞു പഠിപ്പിച്ചതു രഹസ്യമൊഴിയായി രേഖപ്പെടുത്താനുള്ള നീക്കമാണ് ക്രൈംബ്രാഞ്ചിന്റേത്.
രഹസ്യമൊഴി രേഖപ്പെടുത്താൻ അനുമതി നൽകിയ കോടതി നടപടി നിയമപരമായി നിലനിൽക്കില്ല.
കേസെടുത്തതിനെതിരെ ഹൈക്കോടതിയിൽ ഹർജികൾ നിലവിലുണ്ടെന്ന വിവരം മറച്ചു വച്ചാണ് ക്രൈംബ്രാഞ്ച് രഹസ്യമൊഴിയെടുക്കാൻ അനുമതി തേടിയത്.
. കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമപ്രകാരം ഇ.ഡി കോടതിയിൽ നൽകിയ തെളിവുകളെ ദുർബലമാക്കാനാണ് ക്രൈംബ്രാഞ്ച് ശ്രമം.