കൊച്ചി: കേരളതീരത്തു നിന്ന് ബോട്ടിൽ വിദേശത്തേക്ക് കടക്കാൻ പദ്ധതിയിട്ട് 45 അംഗ ശ്രീലങ്കൻ സംഘം കൊച്ചിയിൽ തമ്പടിച്ചിട്ടുള്ളതായി സ്ഥിരീകരിച്ചു. നിയമസഭാ തിരഞ്ഞെടുപ്പിന് രണ്ട് ദിവസം മുമ്പാണ് ഇവർ ജില്ലയിലെത്തിയത്. പല സംഘങ്ങളായി ഒളിവിൽ കഴിയുന്ന ഇവരെ കണ്ടെത്താൻ പൊലീസ് വ്യാപക പരിശോധന നടത്തുന്നുണ്ട്.
ശ്രീലങ്കയിലെ മുല്ലത്തീവ് സ്വദേശി റോഡ്സിനിയുടെ നേതൃത്വത്തിൽ ബോട്ടുമാർഗം വിദേശത്തേക്ക് ആളെ കടത്താൻ തയ്യാറെടുക്കുന്നതായി രഹസ്യാന്വേഷണ വിഭാഗം മുന്നറിയിപ്പ് നൽകിയിരുന്നു. റോഡ്സിനിക്ക് നിരോധിത സംഘടനയായ എൽ.ടി.ടി.ഇയുമായി ബന്ധമുണ്ട്.
ശ്രീലങ്കൻ സംഘത്തിന് പ്രാദേശിക സഹായം ലഭിക്കുന്നുണ്ടെന്നാണ് വിലയിരുത്തൽ. അയൽസംസ്ഥാനങ്ങളിൽ നിന്ന് കൊച്ചി തീരത്ത് എത്തുന്ന ബോട്ടുകളിൽ രാജ്യം വിടാനായിരുന്നു പദ്ധതി. ഈ വിവരത്തിന്റെ അടിസ്ഥാനത്തിൽ കഴിഞ്ഞ ദിവസങ്ങളിൽ കാസർകോട് മുതൽ തിരുവനന്തപുരം വരെ 18 തീരദേശ പൊലീസ് സ്റ്റേഷനുകളുടെ നേതൃത്വത്തിൽ കടലിൽ രാത്രിയും പകലും ബോട്ട് പട്രോളിംഗ് നടത്തിയിരുന്നു. സംശയമുള്ള മത്സ്യബന്ധനബോട്ടുകളും വള്ളങ്ങളും പരിശോധിച്ചു.
ബുധനാഴ്ച രാത്രി കൊച്ചി തീരത്തെത്തിയ തമിഴ്‌നാട്ടിൽ നിന്നുള്ള മീൻപിടിത്ത ബോട്ട് കോസ്റ്റൽ പൊലീസ് പരിശോധിച്ച് വിട്ടയച്ചു. എറണാകുളത്ത് ചെറായി, മുനമ്പം, പള്ളിപ്പുറം, എടവനക്കാട് മേഖലകളിലെ റിസോർട്ടുകൾ, ഹോംസ്‌റ്റേകൾ എന്നിവിടങ്ങളിൽ പൊലീസ് പരിശോധന തുടരുകയാണ്.
ലക്ഷ്യം ആസ്ട്രേലിയ
ശ്രീലങ്കയിൽ നിന്ന് തമിഴ്നാട്ടിലെത്തിയ സംഘം റോഡ് മാർഗമാണ് കേരളത്തിലെത്തിയത്. തിരഞ്ഞെടുപ്പ് ദിവസം ബോട്ടുമാർഗം ആസ്ട്രേലിയയിലേക്ക് കടക്കാനായിരുന്നു പദ്ധതി. കേന്ദ്ര ഏജൻസികൾക്ക് വിവരം ലഭിച്ചതോടെ പദ്ധതിയിൽ മാറ്റം വരുത്തിയെന്ന് കരുതുന്നു. കേരളതീരത്ത് നിന്ന് 27 ദിവസം വേണം ബോട്ടിൽ ആസ്ട്രേലിയയിൽ എത്താൻ. മികച്ച ജീവിതം പ്രതീക്ഷിച്ച് രാജ്യം വിടുന്നവരാണ് ഇവരിലേറെയും. കുറ്റവാളികളും തീവ്രവാദസംഘടനകളിൽ ഉൾപ്പെട്ടവരുമുണ്ടാകും.
മുനമ്പം മനുഷ്യക്കടത്ത്
2019 ജനുവരി 12ന് പുലർച്ചെ മുനമ്പം ഹാർബറിൽ നിന്ന് 'ദയാമാത'യെന്ന മത്സ്യബന്ധന ബോട്ടിൽ 80 കുട്ടികൾ അടക്കം 243 പേർ സമാനമായ രീതിയിൽ കടൽമാർഗം വിദേശത്തേക്ക് കടന്നിരുന്നു. ശ്രീലങ്കൻ അഭയാർത്ഥികളും തമിഴ് വംശജരും തിങ്ങിപ്പാർക്കുന്ന ഡൽഹിയിലെ അംബേദ്കർ കോളനിയിലുള്ളവരെ കേന്ദ്രീകരിച്ചായിരുന്നു മനുഷ്യക്കടത്ത് സംഘം പ്രവർത്തിച്ചത്. ബോട്ടിൽ കയറാനാകാതെ തിരികെപ്പോകേണ്ടിവന്ന ആളെ ഡൽഹിയിൽ നിന്ന് പൊലീസ് കസ്റ്റഡിയിലെടുത്തതോടെയാണ് കേസിലെ നിർണായക വിവരങ്ങൾ പുറത്തുവന്നത്.
രഹസ്യാന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ വ്യാപക പരിശോധനയാണ് നടത്തുന്നത്. മുനമ്പം മനുഷ്യക്കടത്ത് കേസ് പ്രതികൾക്ക് ഇതുമായി ബന്ധമുണ്ടോയെന്നും അന്വേഷിക്കുന്നുണ്ട്.
കെ. കാർത്തിക്ക്
ജില്ലാ പൊലീസ് മേധാവി
എറണാകുളം റൂറൽ