കോലഞ്ചേരി: തിരഞ്ഞെടുപ്പിനിടയിൽ വിമതനെ പാർട്ടിയിലെടുത്തതിൽ കോലഞ്ചേരി കോൺഗ്രസിൽ കലഹം. പൂതൃക്കയിൽ കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർത്ഥിക്കെതിരെ റിബലായി മത്സരിച്ച് വിജയിച്ച പഞ്ചായത്തംഗം എം.വി. ജോണിയെയാണ് പാർട്ടിയിൽ തിരിച്ചെടുത്ത് സ്വീകരണം സംഘടിപ്പിച്ചത്. ഇയാളെ പാർട്ടിയിൽ നിന്ന് നേരത്തെ പുറത്താക്കിയിരുന്നു. തിരിച്ചെടുക്കലിന് നേതൃത്വം കൊടുത്ത ബ്ലോക്ക്, മണ്ഡലം പ്രസിഡന്റുമാരായ നിബു കെ. കുര്യാക്കോസ്, എം.എസ്. എബ്രഹാം എന്നിവർക്കെതിരെ പ്രതിഷേധം കടുപ്പിക്കാനാണ് ഒരു വിഭാഗത്തിന്റെ തീരുമാനം. കെ.പി.സി.സിയുടെ തീരുമാനമനുസരിച്ച് ഡി.സി.സി പ്രസിഡന്റാണ് പുറത്താക്കിയ വിമതരെ തിരിച്ചെടുക്കേണ്ടതെന്ന് പ്രതിഷേധക്കാർ പറയുന്നു. അങ്ങനെ ഒരു ചർച്ച പോലും നടന്നിട്ടില്ലെന്നാണ് ഇവരുടെ പരാതി. സ്വാർത്ഥ താല്പര്യക്കാരായ നേതാക്കന്മാർ നടത്തുന്ന വിമതനീക്കങ്ങൾ പാർട്ടിയെ തകർക്കാനും പുതിയ തലമുറയെ പ്രസ്ഥാനത്തിൽ നിന്ന് അകറ്റുമെന്നും ഇവർ പറയുന്നു. ഇതേ തുടർന്ന് അടിയന്തരയോഗം ചേർന്ന് നേതൃത്വത്തെ അറിയിക്കാൻ തീരുമാനിച്ചു. എൻ.എൻ. രാജൻ യോഗം ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് വൈസ് പ്രസിഡന്റ് അനിബെൻ കുന്നത്ത് അദ്ധ്യക്ഷനായി. പോൾ വി. തോമസ്, എം.എസ്. മുരളീധരൻ, പ്രിൻസ് ഏലിയാസ്, ബാബു എബ്രഹാം, ജോൺ ജോസഫ്, പ്രദീപ് എബ്രഹാം, മാത്യൂസ് കുമ്മണ്ണൂർ, അഡ്വ. ബിജു കെ.ജോർജ്ജ് തുടങ്ങിയവർ സംസാരിച്ചു.