കൊച്ചി: കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ തദ്ദേശ സ്വയംഭരണ സ്ഥാപന പരിധികളിൽ ഫസ്റ്റ് ലൈൻ ചികിത്സാകേന്ദ്രങ്ങൾ തുറക്കാൻ ജില്ലാകളക്ടർ എസ്. സുഹാസിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം തീരുമാനിച്ചു. ജില്ലയിൽ പ്രതിദിന കോവിഡ് പരിശോധനകളുടെ എണ്ണം 12000 ആയി വർദ്ധിപ്പിക്കും. വിദേശത്തുനിന്നും മറ്റ് സംസ്ഥാനങ്ങളിൽ നിന്നും എത്തുന്നവരുടെ പരിശോധന ശക്തമാക്കാനും യോഗം തീരുമാനമെടുത്തു. വരുന്ന ആഴ്ചകളിൽ ജില്ലയിലെ കൊവിഡ് ബാധിതരുടെ എണ്ണം ഉയർന്നേക്കുമെന്നാണ് മുന്നറിയിപ്പ്. രോഗികളായി തുടരുന്നവരുടേയും ഐ.സി.യുവിൽ പ്രവേശിപ്പിക്കുന്നവരുടെയും എണ്ണത്തിൽ കഴിഞ്ഞ ഒരാഴ്ചക്കുള്ളിൽ കാര്യമായ വർദ്ധനയുണ്ടായി.

തൊഴിലിടങ്ങളിൽ എത്തിയുള്ള ആരോഗ്യവകുപ്പിന്റെ മെഗാ വാക്‌സിനേഷൻ പ്രവർത്തനങ്ങൾ ശക്തമാക്കും. ആലുവ ജില്ലാ ആശുപത്രിയെ കൊവിഡ് ആശുപത്രിയാക്കി മാറ്റുന്നതിനുള്ള ക്രമീകരണങ്ങൾ പുരോഗമിക്കുകയാണ്. കോവിഡ് മാനദണ്ഡങ്ങൾ പാലിക്കുന്നത് ഉറപ്പാക്കുന്നതിനായുള്ള സെക്ടറൽ മജിസ്‌ട്രേറ്റുമാരുടെ പരിശോധന ശക്തമാക്കും.

ജില്ലാമെഡിക്കൽ ഓഫീസർ എൻ.കെ കുട്ടപ്പൻ, റൂറൽ പൊലീസ് മേധാവി കെ. കാർത്തിക്, ജില്ലാ വികസന കമ്മീഷണർ അഫ്‌സാന പർവീൺ,ദേശീയ ആരോഗ്യദൗത്യം ജില്ലാ കോഓർഡിനേറ്റർ മാത്യുസ് നുമ്പേലി, അഡീ. ഡി.എം.ഒ ഡോ.എസ്.ശ്രീദേവി, കളമശേരി മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ എന്നിവർ പങ്കെടുത്തു