malinyam
ശ്രീജേഷ് റോഡിൽ മാലിന്യ ചാക്കുകൾ തള്ളിയ നിലയിൽ

കിഴക്കമ്പലം: ഇന്ത്യൻ ഹോക്കിതാരം ഒളിമ്പ്യൻ പി.ആർ. ശ്രീജേഷിന്റെ പേരിൽ നിർമിച്ച റോഡിൽ മാലിന്യം തള്ളുന്നവർക്കെതിരെ നടപടിയാവശ്യപ്പെട്ട് പ്രതിഷേധവുമായി നാട്ടുകാർ രംഗത്ത്. രാത്രി കാലങ്ങളിൽ വാഹനങ്ങളിലാണ് സാമൂഹ്യവിരുദ്ധർ ഇവിടെ മാലിന്യം തള്ളാനെത്തുന്നത്. ഭക്ഷ്യ അവശിഷ്ടങ്ങൾ, ഇറച്ചി മാലിന്യം, കടകളിലെയും മറ്റും മാലിന്യങ്ങൾ, കല്യാണ വീടുകളിലേയും സൽക്കാര പാർട്ടികളിലേയും അവശിഷ്ടങ്ങൾ എന്നിങ്ങനെ എല്ലാത്തരം മാലിന്യങ്ങളും റോഡിനിരുവശങ്ങളിലും തള്ളുന്നതാണ് പതിവ് രീതി. കിഴക്കമ്പലം കുന്നത്തുനാട് പഞ്ചായത്തുകളുടെ അതിർത്തി കേന്ദ്രമായ ഈ റോഡിനിരുവശവും കൂടുതലും പാടശേഖരങ്ങളായതിനാൽ സമീപത്തു വീടുകളോ ആൾസഞ്ചാരമോ കുറവാണ്. ഈ അവസരം മുതലെടുത്ത് ആളുകളുടെ ശ്രദ്ധ കിട്ടില്ലെന്നറിഞ്ഞാണ് വലിയ ചാക്കുകളിലും പ്ലാസ്​റ്റിക് കവറുകളിലുമാക്കി മാലിന്യം തള്ളുന്നത്.

നടപടി സ്വീകരിക്കണം

മാലിന്യത്തിന്റെ അസഹ്യമായ ദുർഗന്ധം മൂലം റോഡിലൂടെ കാൽ നടയാത്ര പോലും ദുസഹമാണ്. മാലിന്യം കുമിഞ്ഞുകൂടുന്നതുമൂലം പ്രദേശത്ത് തെരുവുനായ് ശല്യവും വർദ്ധിച്ചിട്ടുണ്ട്. അടിയന്തരമായി മാലിന്യം നീക്കം ചെയ്ത് ഇവിടെ മാലിന്യം തള്ളുന്നവർക്കെതിരെ നടപടിയെടുക്കണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്. ഇതിനായി ഈ റോഡിലൂടെയുണ്ടായിരുന്ന പൊലീസ് പട്രോളിംഗ് പുനരാരംഭിക്കണമെന്നും സി.സി.ടി.വി സ്ഥാപിക്കണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം.