കൊച്ചി: ചിലവന്നൂർ കായൽതീരത്തെ കൈയേറ്റങ്ങൾമൂലം കായലിന്റെ വീതി ഓരോവർഷവും കുറഞ്ഞുകൊണ്ടിരിക്കുകയാണെന്ന് ആം ആദ്മി പാർട്ടി ജില്ലാകമ്മിറ്റി മുന്നറിയിപ്പ് നൽകി. ചിലവന്നൂർ കായലിലെ കൈയേറ്റങ്ങൾ പലതും കണ്ടെത്തി അളന്നുതിട്ടപ്പെടുത്തിയിട്ടും പൊളിച്ചുമാറ്റാത്തത് സ്വകാര്യതാത്പര്യങ്ങൾ സംരക്ഷിക്കാൻ വേണ്ടിയാണ്. ബ്രേക്ക് ത്രൂ പദ്ധതിയും ഫലം കണ്ടില്ല.
കൊച്ചി നഗരത്തിലെ മഴവെള്ളം ഉൾക്കൊണ്ടിരുന്ന പ്രധാന കായലാണിത്. ഇന്ന് എക്കൽ അടിഞ്ഞതുമൂലം ഒഴുക്കു നഷ്ടപ്പെട്ട അവസ്ഥയിലാണ്. വരും കാലങ്ങളിൽ കൊച്ചി നഗരത്തിൽ രൂക്ഷമായ വെള്ളക്കെട്ട് ഉണ്ടാകാൻ ഇത് കാരണമാകും. അതിനാൽ ചിലവന്നൂർ കായലിലെ കൈയേറ്റങ്ങൾ ഒഴിപ്പിച്ച് കായലിനെ വീണ്ടെടുക്കാൻ വേണ്ട പദ്ധതികൾ നടപ്പിലാക്കണമെന്ന് ആം ആദ്മി പാർട്ടി തൃക്കാക്കര മണ്ഡലം കോഓർഡിനേറ്റർ ഫോജി ജോൺ, എറണാകുളം മണ്ഡലം കോഓർഡിനേറ്റർ ജോസ്മി ജോസ് എന്നിവർ ആവശ്യപ്പെട്ടു.