kaumudi
ഇന്നലെ 'കേരളകൗമുദി' പ്രസിദ്ധീകരിച്ച വാർത്ത

റിപ്പോർട്ട് തേടിയെന്ന് സെക്രട്ടറി

ആലുവ: ആലുവ മാർക്കറ്റിന് സമീപം നഗരസയുടെ മതിൽ തകർത്ത് ഭൂമി കൈയേറിയ വിവരം നഗരസഭയിലെ ഭരണപക്ഷവും പ്രതിപക്ഷവും അറിഞ്ഞില്ലത്രേ. എന്നാൽ സംഭവത്തെക്കുറിച്ച് റിപ്പോർട്ട് തേടിയതായി സെക്രട്ടറി ടോബി തോമസ് 'കേരളകൗമുദി'യോട് പറഞ്ഞു.

നിയമസഭാ തിരഞ്ഞെടുപ്പിന്റെ മറവിലാണ് ഒരു വിഭാഗം ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും മൗനാനുവാദത്തോടെ സ്വകാര്യവ്യക്തി നഗരസഭയുടെ ഉടമസ്ഥതയിലുള്ള മതിൽപൊളിച്ച് മൂന്ന് സെന്റ് ഭൂമി കൈയേറിയത്. കൈയേറ്റത്തെക്കുറിച്ച് അറിഞ്ഞില്ലെന്നാണ് വ്യാഴാഴ്ച നഗരസഭ ചെയ‌ർമാൻ എം.ഒ. ജോൺ പ്രതികരിച്ചത്. ഭൂമി നഗരസഭയുടേത് തന്നെയാണോയെന്ന് പരിശോധിക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു. കൈയേറ്റം സംബന്ധിച്ച് ഇന്നലെ മാദ്ധ്യമങ്ങളിൽ വാർത്ത വന്നതിനെത്തുടർന്ന് പ്രതിപക്ഷ നേതാവ് ഗെയിൽസ് ദേവസി പയ്യപ്പിള്ളിയെ ബന്ധപ്പെട്ടപ്പോഴും സമാനമായ മറുപടിയായിരുന്നു. കൈയേറ്റത്തെക്കുറിച്ച് അറിഞ്ഞില്ലെന്നും സഹകൗൺസിലർമാരാരും ശ്രദ്ധയിൽപ്പെടുത്തിയില്ലെന്നും അദ്ദേഹവും പറഞ്ഞു. അതേസമയം ബി.ജെ.പി കൗൺസിലർമാർ നൽകിയ പരാതിയിൽ അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ എൻജിനീയറിംഗ് വിഭാഗത്തെ ചുമതലപ്പെടുത്തിയെന്നാണ് നഗരസഭ സെക്രട്ടറിയുടെ വിശദീകരണം.

സ്വകാര്യവ്യക്തി ഭൂമി കൈയേറാൻ ശ്രമിച്ചുവെന്ന് മാത്രമല്ല നഗരസഭയുടെ മതിൽ പൊളിക്കുകയും ചെയ്തിട്ടും അധികൃതർ മൗനം പാലിക്കുന്നത് ദുരൂഹമാണെന്നാണ് നാട്ടുകാർ ആരോപിക്കുന്നത്. നേരത്തെ നഗരസഭാ കെട്ടിടം മെട്രോ നിർമ്മാണത്തിനായി ഏറ്റെടുത്തപ്പോൾ ഓഫീസ് നഷ്ടപ്പെട്ട ചുമട്ടുതൊഴിലാളികൾ ഇതേ ഭൂമിയിൽ താത്കാലിക ഷെഡ് നിർമ്മിക്കാൻ ശ്രമിച്ചിരുന്നു. അന്ന് പ്രതിഷേധം ഉയർന്നപ്പോൾ നഗരസഭ നടപടിയെടുത്തെങ്കിൽ നിലവിലെ കൈയേറ്റത്തിൽ മൗനം പാലിച്ചിരിക്കുകയാണ്. ബി.ജെ.പി ഒഴികെയുള്ള സംഘടനകളാരും ഇതുവരെ പ്രതികരിച്ചിട്ടില്ല. മുൻ കൗൺസിലിന്റെ കാലത്തുണ്ടായിരുന്ന ചില സ്വതന്ത്ര കൗൺസിലർമാർ ഇക്കുറിയില്ലാത്തതും കൈയേറ്റക്കാർക്ക് തുണയായി.