prison

കൊച്ചി: പ്രവാസി വ്യവസായിയായിരുന്ന കാസർകോട് തൃക്കരിപ്പൂർ സ്വദേശി എ.ബി. അബ്ദുൾ സലാം ഹാജിയെ കൊലപ്പെടുത്തിയ കേസിലെ ഏഴു പ്രതികളുടെ ഇരട്ട ജീവപര്യന്തം തടവും ഒാരോ ലക്ഷം രൂപ പിഴയും ശിക്ഷ ഹൈക്കോടതി ശരിവച്ചു. കാസർകോട് ജില്ലാ അഡി. സെഷൻസ് കോടതിയുടെ ശിക്ഷാ വിധിക്കെതിരെ പ്രതികൾ നൽകിയ അപ്പീൽ തള്ളിയാണ് ജസ്റ്റിസ് കെ. വിനോദ് ചന്ദ്രൻ, ജസ്റ്റിസ് എം.ആർ. അനിത എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചിന്റെ വിധി.

ഒന്നു മുതൽ ഏഴുവരെ പ്രതികളായ നീലേശ്വരം ആനച്ചാൽ സ്വദേശി മുഹമ്മദ് നൗഷാദ് (37), തൃശൂർ കീച്ചേരി സ്വദേശി ഒ.എം. അഷ്കർ (31), നീലേശ്വരം കോട്ടപ്പുറം സ്വദേശി മുഹമ്മദ് റമീസ് (28), തൃശൂർ കീച്ചേരി സ്വദേശി ഒ.എം. ഷിഹാബ് (33), കണ്ണൂർ എടച്ചൊവ്വ സ്വദേശി നിമിത്ത് (43), മലപ്പുറം ചങ്കരംകുളം സ്വദേശി അമീർ (25), മലപ്പുറം മാന്തളം സ്വദേശി എം.കെ. ജസീർ (22) എന്നിവരാണ് ശിക്ഷിക്കപ്പെട്ടത്.

2013 ആഗസ്റ്റ് അഞ്ചിന് അബ്ദുൾ സലാം ഹാജിയുടെ വീട്ടിൽ മോഷണത്തിനായി അതിക്രമിച്ചു കയറിയ പ്രതികൾ ഇയാളെ കൊലപ്പെടുത്തിയെന്നും മകനെ മർദ്ദിച്ച് അവശനാക്കിയെന്നുമായിരുന്നു കേസ്. മുഖത്ത് ടേപ്പ് ചുറ്റിവരിഞ്ഞ നിലയിലാണ് സലാമിന്റെ മൃതദേഹം കണ്ടെത്തിയത്. കേസിലെ പ്രതികളുടെ പങ്കാളിത്തം വ്യക്തമാണെന്നും നേരിട്ടുള്ള തെളിവുകളും സാഹചര്യത്തെളിവുകളും ഇക്കാര്യം വിശദീകരിക്കുന്നുണ്ടെന്നും ഹൈക്കോടതി വിലയിരുത്തി. പ്രതികളുടെ ഫോൺ രേഖകളിൽ നിന്ന് കൊലപാതകം ആസൂത്രിതമാണെന്ന് വ്യക്തമാകുന്നുണ്ടെന്നും ഡിവിഷൻ ബെഞ്ച് അഭിപ്രായപ്പെട്ടു.