ഉദയംപേരൂർ: കുടുംബ വഴക്കിനെ തുടർന്ന് ചെടിച്ചട്ടികൊണ്ട് തലയ്ക്കടിയേറ്റ് നടക്കാവ് ചിത്തിര വീട്ടിൽ നിധിൻ കുമാർ (40) മരിച്ചു. നിധിനുമായുണ്ടായ കുടുംബപ്രശ്നം പറഞ്ഞു തീർക്കാൻ ഭാര്യ രമ്യ സഹോദരൻ ചാലക്കുടി മോതിരക്കണ്ണി കാഞ്ഞിരത്തുംപറമ്പിൽ കെ.എം. വിഷ്ണുവിനെ വിളിച്ചുവരുത്തിയിരുന്നു. വിഷ്ണുവും ബന്ധു കാഞ്ഞിരത്തുംപറമ്പിൽ കെ.കെ. ശരത്തും വ്യാഴാഴ്ച രാത്രിയോടെയാണ് നിഥിന്റെ വീട്ടിലെത്തിയത്. സംസാരത്തിനിടെ പ്രകോപിതരായ വിഷ്ണുവും ശരത്തും ചേർന്ന് നിധിനെ മർദ്ദിക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. ചെടിച്ചട്ടി കൊണ്ട് തലക്കടിയേറ്റ് വീണുകിടന്ന നിധിനെ ആശുപത്രിയിലെത്തിക്കാൻ ഇവർ തയ്യാറായില്ല. വെള്ളിയാഴ്ച രാവിലെ കളമശ്ശേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും അധികം വെെകാതെ മരിച്ചു.
ഡോക്ടർമാർ വിവരം അറിയിച്ചതനുസരിച്ചാണ് പൊലീസ് എത്തിയത്. തുടർന്ന് ഉദയംപേരൂർ എസ്.ഐ. ബിജുവും സംഘവും ചാലക്കുടിയിൽ എത്തി വിഷ്ണുവിനെയും ശരത്തിനെയും കസ്റ്റഡിയിൽ എടുത്തു. മൃതദേഹം കളമശ്ശേരി മെഡിക്കൽ കോളേജ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്മോർട്ടത്തിൽ മരണകാരണം വ്യക്തമായ ശേഷം പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തുമെന്ന് ഉദയംപേരൂർ സി.എെ പറഞ്ഞു.