കൊച്ചി:കലൂർ സ്റ്റേഡിയം ലിങ്ക് റോഡിന് സമീപത്ത് പറമ്പിൽ തീപിടിത്തം. ഉച്ചയ്ക്ക് ഒരു മണിയോടെയാണ് സംഭവം. ഒഴിഞ്ഞുകിടന്നിരുന്ന പറമ്പിൽ മരത്തടികളും മറ്റും ആളുകൾ കൊണ്ടുവന്ന് തള്ളിയിരുന്നു. ഇതിനുസമീപം ഉയരത്തിൽ പുല്ലും പിടിച്ചിരുന്നു. ഇവ കത്തി പ്രദേശത്ത് പുക ഉയർന്നതോടെ നാട്ടുകാർ ഗാന്ധിനഗർ ഫയർഫോഴ്സിനെ വിവരം അറിയിക്കുകയായിരുന്നു. സ്റ്റേഷൻ ഓഫീസർ ഉണ്ണിക്കൃഷ്ണന്റെ നേതൃത്വത്തിൽ മൂന്ന് യൂണിറ്റെത്തി രണ്ട് മണിക്കൂറോളം പരിശ്രമിച്ചാണ് തീയണച്ചത്. സമീപ പ്രദേശങ്ങളിൽ മാലിന്യത്തിന് ആളുകൾ തീയിടാറുണ്ട്. ഇത്തരത്തിൽ തീയിട്ടത് പടർന്ന് പിടിച്ചതാകുമെന്നാണ് നിഗമനം.