കൊച്ചി: കൊച്ചി സിറ്റി പൊലീസിന്റെ നേതൃത്വത്തിൽ വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കുമായി സംഘടിപ്പിച്ച ലഹരിവിരുദ്ധ ബോധവത്കരണ ക്ലാസ് 'വായിച്ചു വളരാം വൈകും മുമ്പേ' ജയിൽ ഡി.ജി.പി ഋഷിരാജ് സിംഗ് ഉദ്ഘാടനം ചെയ്തു. ഇന്നലെ ഉച്ചയ്ക്ക് 2.30 എറണാകുളം പൊലീസ് ക്യാമ്പിൽ നടന്ന ചടങ്ങിൽ നഗരത്തിലെ മൂന്ന് വിദ്യാലയങ്ങളിൽ നിന്നായി നിരവധി വിദ്യാർത്ഥികളും അദ്ധ്യാപകരും രക്ഷിതാക്കളും പങ്കെടുത്തു. 'വൈകും മുമ്പേ' എന്ന തന്റെ പുസ്തകത്തിൽ നിന്നുള്ള അനുഭവകഥകൾ ഋഷിരാജ് സിംഗ് കുട്ടികളുമായി പങ്കുവച്ചു. ലഹരി സമൂഹത്തിലുണ്ടാക്കുന്ന വിപത്തുക്കളെക്കുറിച്ച് കുട്ടികൾക്ക് അവബോധം നൽകുന്ന ഉപദേശങ്ങളും അദ്ദേഹം നൽകി. ജില്ലയിലെ ഉന്നത പൊലീസ് ഉദ്യോഗസ്ഥരെല്ലാം പരിപാടിയുടെ ഭാഗമായി.