തൃപ്പൂണിത്തുറ: ഉദയംപേരൂർ എം.എൽ.എ റോഡിൽ മാളേക്കാട് സുബ്രമണ്യ ക്ഷേത്രത്തിന് സമീപമുള്ള സോമന്റെ ചെറിയ ചായക്കട ഉച്ചയൂണിന്റെ പേരിലാണ് പ്രശസ്തം. ഏഴുതരം കറികളും മീൻ വറുത്തതും മുട്ട പൊരിച്ചതും ചേർന്ന് വയറ് നിറയെ ഊണിന് ഈടാക്കുന്നത് വെറും 40 രൂപയാണ്. ഇതിന്റെ രുചി തേടി നിത്യേന ഇവിടെ എത്തുന്നത് നൂറ് കണക്കിനാളുകളാണ്. പഴകിയ എണ്ണയോ രുചി കൂട്ടുന്ന കൃത്രിമ പദാർത്ഥങ്ങളോ സോമൻ ഭക്ഷണത്തിൽ ചേർക്കാറില്ല. ഈ സത്യം അറിഞ്ഞവരാണ് കിലോമീറ്റർ താണ്ടി ഈ കട തേടി എത്തുന്നതും. ഉദയംപേരൂർ സ്റ്റേഷനിലെ പൊലീസുകാർ, വൈദ്യുതി വകുപ്പിലെയും റവന്യു വിഭാാഗത്തിലെയും ജീവനക്കാർ ഇവിടത്തെ നിത്യ സന്ദർശകരാണ്. പന്ത്രണ്ടരയ്ക്ക് ആരംഭിക്കുന്ന ഉച്ചയൂണ് 1.30 ന് അവസാനിക്കും. ചിലപ്പോൾ രണ്ടാമതും തയ്യാറാക്കും. അതും അരമണിക്കൂർ കൊണ്ട് തീരും. പ്രഭാത ഭക്ഷണത്തിനും തിരക്കാണ്. ചായയ്ക്കും ചെറുകടികൾക്കും അഞ്ചുരൂപയാണ് വില. ഫോണിൽവിളിച്ച് ഊണ് ബുക്ക് ചെയ്യുന്നവരും ഏറെയാണെന്ന് സോമൻ പറയുന്നു. ഭാര്യ അംബിക ,സുഹൃത്തുക്കളായ രമണൻ, ശ്യാമള, ഭാരതി എന്നിവരാണ് സഹായികൾ.
ഫോട്ടോ: അംബിക ഊണ് വിളമ്പുന്ന തിരക്കിൽ