cow

കോലഞ്ചേരി: വേനലിൽ പാലുത്പാദനം ഗണ്യമായി കുറഞ്ഞു. ക്ഷീര സംഘം അംഗത്വം സംബന്ധിച്ച് പുതിയ മാനദണ്ഡങ്ങൾ കൊണ്ടു വന്നതോടെ ക്ഷീരോല്പാദകർ പ്രതിസന്ധിയിലായി. വേനൽച്ചൂട് രൂക്ഷമായതോടെ പാൽ ഉത്പാദനത്തിൽ വലിയ കുറവാണ് കർഷകർക്കുള്ളത്. പ്രതിസന്ധികൾ നിലനിൽക്കെ ക്ഷീരസംഘം അംഗത്വം സംബന്ധിച്ച് പുതിയ മാനദണ്ഡങ്ങൾ എത്തിയത് തിരിച്ചടിയാകും. വിവിധ പദ്ധതികളിൽ ഉൾപ്പെടുത്തി കാലിത്തീറ്റ സബ്‌സിഡി, ഡോക്ടർ സേവനം, കന്നുകാലികളുടെ ചികിത്സാ ചെലവ് എന്നിവ ലഭിക്കണമെങ്കിൽ ക്ഷീരസംഘത്തിൽ അംഗത്വം വേണം.

കൊവിഡു കാലത്ത് കൈത്തൊഴിൽ നഷ്ടപ്പെട്ട നിരവധി പേർ ക്ഷീരകർഷകരായി മാറി. കന്നുകാലി വളർത്തൽ തൊഴിലായി സ്വീകരിച്ചവരുടെ എണ്ണം കൂടിയതോടെ പാൽ ഉത്പാദനം വർദ്ധിച്ചിരുന്നു. നാടിനെ ചുട്ടുപൊള്ളിച്ച് വേനൽ എത്തിയതോടെ ഈ മേഖല പ്രതിസന്ധിയിലേക്ക് നീങ്ങുകയാണ്.

അംഗത്വം സംബന്ധിച്ച് പുതിയ മാനദണ്ഡം

ക്ഷീരസംഘത്തിൽ 180 ദിവസം പാൽ അളക്കുകയോ 500 ലിറ്റർ പാൽ അളക്കുകയോ ചെയ്യുന്നവർക്കാണ് അംഗത്വവും, വോട്ടും ഇതു വരെ ലഭിച്ചിരുന്നത്. ഭേദഗതി വരുത്തിയതോടെ 6 മാസം കാലയളവിനൊപ്പം 500 ലി​റ്റർ പാൽ അളക്കുക കൂടി വേണം. ഒന്നോ രണ്ടോ പശുക്കളെ മാത്രം വളർത്തുന്ന കർഷകർക്ക് ക്ഷീരസംഘത്തിൽ അംഗത്വം ലഭിക്കുക ഇനി എളുപ്പമാകില്ല.

കന്നുകാലികൾക്ക് രോഗസാദ്ധ്യത കൂടുതൽ

അന്തരീക്ഷ താപനില ഉയർന്നതോടെ പശുക്കൾ ഉൾപ്പെടെയുളള വളർത്തുമൃഗങ്ങൾക്ക് വിവിധ തരത്തിലുള്ള രോഗങ്ങൾ ബാധിക്കാൻ സാദ്ധ്യതയുണ്ടെന്ന് വെ​റ്ററിനറി ഡോക്ടർമാർ പറയുന്നു. അമിതമായി വെയിലേൽക്കുന്ന പശുക്കൾക്ക് രോഗസാദ്ധ്യത കൂടുതലാണ്. രാവിലെ തൊഴുത്തിന്റെ പുറത്തേക്ക് ഇറക്കുന്ന പശുക്കളെ 11 മണിയോടെ തിരികെ കൂട്ടിൽ കയ​റ്റണം. നിർജലീകരണത്തിനും സാദ്ധ്യതയുണ്ട്. സാധാരണ നൽകുന്നതിനേക്കാൾ ഇരട്ടി വെള്ളം വേനൽക്കാലത്ത് കന്നുകാലികൾക്ക് നൽകണം. ശുദ്ധജലത്തിന്റെ ലഭ്യത കുറഞ്ഞാൽ മൃഗങ്ങൾ അഴക്കുവെള്ളം കുടിക്കാനുള്ള സാദ്ധ്യതയേറെയാണ്. ഇത് വിവിധ രോഗ ബാധകൾക്കിടയാക്കും.

നടപടി പിൻവലിക്കണം

അംഗത്വം ലഭിക്കുന്നതിനുള്ള മാനദണ്ഡങ്ങൾ കർശനമാക്കുമ്പോൾ ചെറുകിട കർഷകരിൽ പലരും സംഘത്തിൽ നിന്നു പുറത്താകും. ഈ നടപടി പിൻവലിക്കണമെണം.

വി.എം. ജോർജ് ,ആപ്കോസ് പ്രസിഡന്റ്സ്

അസോസിയേഷൻ ജില്ലാ പ്രസിഡന്റ്