passport

കൊച്ചി: കേരള തീരത്തുനിന്നു ഓസ്ട്രേലിയയിലേക്ക് കടക്കാൻ കൊച്ചിയിലെത്തിയ 45അംഗ ശ്രീലങ്കൻ സംഘം മുങ്ങി. കേന്ദ്ര അന്വേഷണ ഏജൻസികളടക്കം വ്യാപക തെരച്ചിൽ തുടരുകയാണ്. പൊലീസിനെക്കൂടാതെ നാവികസേനയും കോസ്റ്റ് ഗാർഡും മറൈൻ എൻഫോഴ്‌സ്‌മെന്റും പരിശോധന നടത്തുന്നുണ്ട്.

നീക്കം പുറത്തായതോടെ ചെറുസംഘങ്ങളായോ, ഒറ്റയ്ക്കോ തമിഴ്നാട്ടിലേക്ക് മടങ്ങിയെന്നാണ് കരുതുന്നത്. ലക്ഷങ്ങൾ കൈപ്പറ്റിയുള്ള ഇടപാടായതിനാൽ വീണ്ടും വന്നേക്കാം. അതിനാൽ,കേരളതീരത്ത് നിരീക്ഷണം ശക്തമാക്കി.

മുൻ എൽ.ടി.ടി.ഇക്കാരൻ ശ്രീലങ്കയിലെ മുല്ലത്തീവ് സ്വദേശി റോഡ്‌നിയുടെ നേതൃത്വത്തിലാണ് 45അംഗ സംഘം കൊച്ചിയിലെത്തി​യത്. ഇക്കാര്യം കേന്ദ്ര രഹസ്യാന്വേഷണ ഏജൻസിയാണ് ബന്ധപ്പെട്ടവരെ അറിയിച്ചത്. ചെറായി, മുനമ്പം, പള്ളിപ്പുറം, എടവനക്കാട് മേഖലകളിലെ ബീച്ചുകൾ, റിസോർട്ടുകൾ, ഹോംസ്‌റ്റേകൾ, പെട്രോൾ പമ്പുകൾ എന്നിവിടങ്ങളിൽ പൊലീസ് പരിശോധന നടത്തിയെങ്കിലും കണ്ടെത്താനായില്ല. ശ്രീലങ്കക്കാരോ, ശ്രീലങ്കൻ തമിഴ് വംശജരോ എത്തിയാൽ അറിയിക്കണമെന്ന് നിർദേശം നൽകിയിട്ടുണ്ട്.

വ്യാജപാസ്പോർട്ട്

ശ്രീലങ്കൻ സംഘത്തിന്റെ പക്കൽ വ്യാജ ഇന്ത്യൻ പാസ്പോർട്ടുകൾ ഉണ്ടാകാം. വൻതുകയ്ക്ക് ഇത്തരം പാസ്പോർട്ടുകൾ തയ്യാറാക്കുന്ന സംഘങ്ങൾ തമിഴ്നാട്ടിലുണ്ട്.

യാത്രാ പദ്ധതി

# ഓസ്‌ട്രേലിയയിലെ സാഹചര്യവും കടലിലെ കാലാവസ്ഥയും അനുകൂലമാകുന്ന സമയത്താണ് മനുഷ്യക്കടത്ത്

# പൊലീസോ കോസ്റ്റ് ഗാർഡോ ശ്രദ്ധകേന്ദ്രീകരിക്കാത്ത തീരദേശം കണ്ടെത്തും. കൊച്ചിയിലെ മുനമ്പം ഇവയിലൊന്നാണ്

# ഏജന്റുമാർവഴി വലി​യ മത്സ്യബന്ധനബോട്ട് വാങ്ങും.

യാത്രയ്ക്ക് ദിവസങ്ങൾ മുമ്പേ തീരദേശത്തെത്തി താമസിക്കും. #രാത്രിയാണ് യാത്ര പുറപ്പെടുക.

# ഒരു മാസത്തിലേറെ ബോട്ടിൽ കഴിയാനുള്ള ആഹാരവും വസ്ത്രവും മരുന്നും കരുതിവയ്ക്കും.വലിയ കാനുകളിൽ വെള്ളവും സംഭരിക്കും.

ക്യാമ്പ് അല്ലെങ്കിൽ ജയിൽ

# ഓസ്ട്രേലിയയിൽ എത്തിയാൽ ബോട്ട് തകർക്കും

# തിരിച്ചറിയൽ രേഖകൾ ബോട്ടിൽ ഉപേക്ഷിക്കും.

# രേഖകളില്ലാത്തതിനാൽ മൂന്നുമാസംവരെ ജയിലിൽ

#നല്ലപിള്ളചമഞ്ഞാൽ പൗരത്വം കിട്ടാം.

# അല്ലെങ്കിൽ അഭയാർത്ഥി ക്യാമ്പിൽ പൗരത്വം കിട്ടുംവരെ സുഖജീവിതം.