padakam

കൊച്ചി: ചാകരക്കോളുള്ള സീസണിൽ മത്താപ്പ് കത്തും പോലെ കൊവിഡ് കേസുകൾ കുതിക്കുന്നതിന്റെ ആധിയിൽ ജില്ലയിലെ പടക്ക വ്യാപാരികൾ. കൊവിഡ് വിറപ്പിച്ച കഴിഞ്ഞ വിഷുക്കാലത്ത് ഒരു രൂപയുടെ വരുമാനം പോലും ലഭിച്ചിരുന്നില്ല. ഇക്കുറി വലിയ പ്രതീക്ഷയിലിരിക്കെയാണ് ഇടിത്തീ പോലെ രോഗബാധിതരുടെ എണ്ണം ഉയന്നത്. അതേസമയം പകിട്ടൊട്ടും കുറയാതെ പറവൂരിലെ പടക്കവിപണി ഉണർന്നു. മദ്ധ്യകേരളത്തിൽ പടക്കം വിലക്കുറവിൽ ലഭിക്കുന്ന സ്ഥലമായതിനാൽ മറ്റു ജില്ലകളിൽ നിന്ന് നിരവധിപ്പേരാണ് ഇവിടെ പടക്കം വാങ്ങാൻ എത്തുന്നത്. വിഷുവിപണി ലക്ഷ്യമിട്ടു എല്ലാത്തരം പടക്കങ്ങളും ഹോൾസെയിൽ കടകളിലെത്തിത്തുടങ്ങി.

വിപണി ഉഷാ‌ർ

പറവൂരിൽ നിന്നു പടക്കങ്ങൾ വാങ്ങി വില്പന നടത്തുന്ന ഒട്ടേറെ സംഘങ്ങളുണ്ട്. അരൂർ, വൈക്കം, ചേർത്തല, ആലപ്പുഴ, തൃശൂർ, ചാലക്കുടി, ഇരങ്ങാലക്കുട, കൊടുങ്ങല്ലൂർ മേഖലകളിൽ നിന്നാണു വിഷുക്കാലത്തു കൂടുതൽ ആളുകൾ പടക്കം വാങ്ങാൻ എത്തുന്നത്. വർണപ്പടക്കങ്ങൾക്കാണ് ആവശ്യക്കാരേറെ. ടിനി ടോട്ട്‌സ്, ഡിവൈൻ കുറ്റിപ്പൂ എന്നിവയെല്ലാമാണ് പുതിയ താരങ്ങൾ. കൊവിഡ് ഭീതിയുണ്ടെങ്കിലും നല്ല കച്ചവടം പ്രതീക്ഷിക്കുന്നു. അതേസമയം പടക്കങ്ങളെത്തുന്ന തമിഴ്‌നാട്ടിലെ ശിവകാശിയിലുൾപ്പെടെ മേഖലയാകെ വലിയ പ്രതിസന്ധിലാണ്. കൊവിഡിനെ തുടർന്ന് സാധനങ്ങളെത്തിക്കാൻ പ്രയാസം നേരിട്ടതോടെ ശിവകാശിയിൽ ഉത്പ്പാദനത്തിൽ വലിയ ഇടിവ് വന്നു. തിരഞ്ഞെടുപ്പിനെ തുടർന്നുള്ള കർശന പരിശോധനയും പടക്കമെത്തിക്കുന്നതിൽ തടസമായി. ഒപ്പം പടക്ക കമ്പനികൾക്കേർപ്പെടുത്തിയ കർശന നിയന്ത്രണങ്ങളും പരിശോധനകളും ഉത്പാദനത്തെ സാരമായി ബാധിച്ചു.

ചീറ്റിപ്പോയ 2020

പടക്കവും പൂത്തിരികളുമില്ലാതെയാണ് പോയവർഷത്തെ വിഷു കടന്നുപോയത്. കൊവിഡ് വ്യാപനം അതിരൂക്ഷമായത് സംസ്ഥാനത്തെ പടക്കവിപണിക്കും തിരിച്ചടിയായി. വിസ്മയ കാഴ്ച തീർക്കാൻ ഒരുക്കിയ ലൂസിഫർ, ഡ്രാഗൺ സിറ്റി, ഗോൾഡൻ ഡക്ക്, ഡ്രോൺ, ഫയർ ബോൾ, പർപ്പിൾ റെയിൻ തുടങ്ങിയ പടക്കങ്ങൾ ഒരുക്കിയെങ്കിലും ഒന്നും വിപണയിൽ എത്തിയില്ല. ദീപാവലിക്കും ക്രിസ്മസിനുമൊന്നും പ്രതീക്ഷിച്ച ലാഭം ലഭിച്ചിരുന്നില്ല. പുതുവർഷത്തിന് മാത്രമാണ് നേരിയ വരുമാനം ലഭിച്ചത്. അതുകൊണ്ടു തന്നെ ഇത്തവണ വിഷുവിന് കാര്യമായി തന്നെ ലാഭം കൊയ്യാമെന്നാണ് മേഖയിലുള്ളവരുടെ പ്രതീക്ഷ.

കൊവിഡ് വ്യാപനം ആശങ്കയ്ക്ക് ഇടയാക്കിയിട്ടുണ്ട്. എങ്കിലും കച്ചവടം പൊടിപൊടിക്കുമെന്നാണ് പ്രതീക്ഷ. സ്വന്തം ഉത്പന്നങ്ങളാണ് കൂടുതലും വിപണിയിൽ എത്തിച്ചിട്ടുള്ളത്. ശിവകാശി ഉത്പന്നങ്ങൾ ഇക്കുറി കുറവാണ്. വിലക്കിഴിവിലാണ് വില്പന.

കെ.ആർ ഷിമി,ബെർമ ഫയർ വർക്ക്സ്

പറവൂർ