കൊച്ചി: ലിവ് - ഇൻ റിലേഷൻഷിപ്പ് തകർന്നതോടെ അമ്മ ശിശുക്ഷേമസമിതിക്ക് കൈമാറിയ കുഞ്ഞിനെ വിട്ടുകിട്ടാൻ മാതാപിതാക്കൾ ഒരുമിച്ചു ഹൈക്കോടതിയിൽ ഹർജിനൽകി. ഒമ്പതുമാസത്തിന് ശേഷമാണ് ഇരുവരും ഹൈക്കോടതിയെ സമീപിച്ചത്. ദത്തുകൊടുത്ത കുഞ്ഞിനെ ഒരുമാസത്തിനകം തിരിച്ചുനൽകാനും ഡിവിഷൻബെഞ്ച് ഉത്തരവിട്ടു.
തൃശൂർ സ്വദേശി അനിതയും ജോണും (ഹൈക്കോടതി നൽകിയ സാങ്കല്പിക പേരുകളാണ്) നൽകിയ ഹർജിയിൽ ജസ്റ്റിസ് മുഹമ്മദ് മുഷ്‌താഖ്, ജസ്റ്റിസ് ഡോ. കൗസർ എടപ്പഗത്ത് എന്നിവരുൾപ്പെട്ട ഡിവിഷൻബെഞ്ചിന്റേതാണ് വിധി. ദത്തെടുക്കൽ നടപടിക്രമങ്ങളിലെ അപാകത ചൂണ്ടിക്കാട്ടി കുഞ്ഞിനെ മറ്റൊരു കുടുംബം ദത്തെടുത്ത നടപടിയും റദ്ദാക്കിയിട്ടുണ്ട്.
സിനിമയെ വെല്ലുന്ന ജീവിതം
2018ലെ പ്രളയസമയത്ത് സന്നദ്ധ പ്രവർത്തനങ്ങൾക്കിടെയാണ് അനിതയും ജോണും സ്നേഹത്തിലായത്. വീട്ടുകാരുടെ എതിർപ്പുകാരണം വിവാഹം കഴിക്കാതെ ഇരുവരും ഒരുമിച്ചു താമസിച്ചു (ലിവ്- ഇൻ റിലേഷൻഷിപ്പ്). 2020 ഫെബ്രുവരി മൂന്നിന് ഇവർക്ക് കുഞ്ഞുജനിച്ചു. നടനായ ജോൺ സിനിമയിലഭിനയിക്കാൻ കർണാടകയിലേക്ക് പോയതോടെ ബന്ധം തകർന്നു.
കുഞ്ഞിനെ നോക്കാനാവാതെ അനിത 2020 മേയ് എട്ടിന് കുഞ്ഞിനെ ശിശുക്ഷേമസമിതിക്ക് കൈമാറി. കരാറും ഒപ്പിട്ടു. കുഞ്ഞിനെ വിട്ടുനൽകിയെങ്കിലും സമിതിയുമായും കുഞ്ഞിനെ പാർപ്പിച്ച സ്ഥാപനവുമായും അനിത ബന്ധംപുലർത്തിയിരുന്നു.
ഇതിനിടെ കുഞ്ഞിനെ ദത്തുനൽകാനുള്ള നടപടിക്രമങ്ങൾ സമിതി തുടങ്ങി. കുഞ്ഞിന് മറ്റവകാശികളില്ലെന്നും ദത്തുനൽകാൻ നിയമപരമായി കഴിയുമെന്നും ബാലനീതി നിയമപ്രകാരം സമിതി പ്രഖ്യാപിച്ചു. എറണാകുളം കുടുംബക്കോടതിയുടെ ഉത്തരവിനെത്തുടർന്ന് 2021 ഫെബ്രുവരി രണ്ടിന് കുഞ്ഞിനെ ഒരുകുടുംബം ദത്തെടുത്തു.
ഇനിയാണ് ട്വിസ്റ്റ്
കുഞ്ഞിനെ തിരിച്ചുനൽകണമെന്നാവശ്യപ്പെട്ട് അനിതയും ജോണും 2021 ഫെബ്രുവരി പത്തിന് ഹൈക്കോടതിയെ സമീപിച്ചു. കുഞ്ഞിനെ മറ്റൊരുകുടുംബം ദത്തെടുത്തെന്ന് ശിശുക്ഷേമസമിതി അറിയിച്ചു.
അവിവാഹിതയായ അമ്മയായി അനിതയെ പരിഗണിച്ച് ഇതനുസരിച്ചുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കിയാണ് കുട്ടിയെ സമിതി ഏറ്റെടുത്തത്. എന്നാൽ ലിവ് - ഇൻ റിലേഷൻഷിപ്പിലുണ്ടായ കുട്ടിയെ വിവാഹബന്ധത്തിലുള്ള കുട്ടിയായി കണക്കാക്കി ഇതിനുള്ള നടപടിക്രമങ്ങളാണ് ശിശുക്ഷേമസമിതി പാലിക്കേണ്ടിയിരുന്നതെന്ന് ഹൈക്കോടതി വ്യക്തമാക്കി. അമ്മ മാത്രം ഒപ്പിട്ടുനൽകിയ കരാർപ്രകാരം കുഞ്ഞിനെ ഏറ്റെടുക്കുമ്പോൾ പിതാവിനെക്കുറിച്ച് അന്വേഷിക്കേണ്ടിയിരുന്നെന്നും ഉപേക്ഷിക്കപ്പെട്ട കുട്ടികളെ ഏറ്റെടുക്കുന്ന നടപടിക്രമങ്ങളാണ് പാലിക്കേണ്ടതെന്നും ഡിവിഷൻബെഞ്ച് ചൂണ്ടിക്കാട്ടി. കുട്ടിയെ ഏറ്റെടുത്ത നടപടിയും റദ്ദാക്കി.