പറവൂർ: മൂന്നു ദിവസങ്ങളിലായി ചേന്ദമംഗലം പാലിയം സ്കൂൾ ഗ്രൗണ്ടിൽ പാലിയം മാറ്റച്ചന്ത ഇന്ന് തുടങ്ങും. ഉദ്ഘാടന സമ്മേളനവും ഘോഷയാത്രയും സാംസ്കാരിക പരിപാടികളും ഉണ്ടാകില്ല. പരമ്പരാഗതമായി പ്രദർശിപ്പിച്ചുവരുന്ന ഉത്പന്നങ്ങളുടെ വിപണനമേള മാത്രമായിരിക്കും. വിഷുവിന് മുന്നോടിയായാണ് മാറ്റച്ചന്ത.
പതിറ്റാണ്ടുകൾക്ക് മുമ്പ് പാലിയത്തച്ചൻ തുടങ്ങിവച്ചതാണിത്. പണത്തിന് പകരം സാധനങ്ങൾ കൈമാറുന്നതായിരുന്നു പഴയരീതി. പഴയ ഓർമ്മകൾ നിലനിർത്തി ഇന്ന് ഉത്പന്നങ്ങൾ പണംകൊടുത്തുവാങ്ങുന്ന രീതിയായി. മുൻ വർഷങ്ങളിൽ വിഷുവിന് രണ്ട് നാൾ മുമ്പ് മാറ്റച്ചന്ത ആരംഭിക്കും. ആദ്യദിവസം ചെറിയമാറ്റവും രണ്ടാം ദിവസം വലിയമാറ്റവുമാണ് നടക്കുക. രാപകലില്ലാതെ ചന്ത പ്രവർത്തിക്കും. വിഷുവിന്റെ തലേന്ന് വൈകിട്ടോടെ സമാപിക്കും. കച്ചവടക്കാരെല്ലാം അന്നുരാത്രിയിൽതന്നെ വീട്ടിലെത്തുമെന്നാണ് പതിവ്.
ഇന്നും പഴമക്കാർ മാറ്റച്ചന്ത ഒരു അനുഷ്ഠാനം പോലെയാണ് കൊണ്ടാടുന്നത്. കാലഘട്ടത്തിലുണ്ടായ മാറ്റങ്ങളൊന്നും പലിയം മാറ്റച്ചന്തയുടെ പൊലിമയിൽ കുറവുവരുത്തിയിട്ടില്ല. ഇപ്പോൾ വിപണിയിൽ അപൂർവമായ വീട്ടുപകരണങ്ങളാണ് മാറ്റച്ചന്തയിൽ കൂടുതലും. വിവിധയിനം മൺകലങ്ങൾ, ചട്ടികൾ, കറിക്കത്തികൾ, മെത്തപ്പായ, പുൽപായ, കൊട്ടകൾ, മുറം, പനയോല വിശറി, മാമ്പഴം, ഉണക്കമത്സ്യങ്ങൾ എന്നിവ ധാരാളമുണ്ടാകും.