kumaran
തപാൽപെട്ടിക്ക് പെയിന്റ് അടിക്കുന്ന കുമാരൻ

മൂവാറ്റുപുഴ: പഴയ കാല ഓർമ്മകളുടെ ഭാരം പേറുന്ന തപാൽ പെട്ടികൾ മലയാളിക്ക് ഗൃഹാതുരതം തരുന്നവയാണ്. മുപ്പത്തഞ്ചു വർഷമായി തപാൽപ്പെട്ടികളെ ചുവന്ന പെയിന്റടിച്ച്‌ മോടി കൂട്ടുകയാണ് മൂവാറ്റുപുഴ തൃക്കളത്തൂർ സ്വദേശി കണിയാംകോട്ടിൽ കുമാരൻ. ഈ അറുപതാം വയസിലും ആയിരത്തിലധികം തപാൽ പെട്ടികളെയാണ് ചുവന്ന പെയിന്റ് അടിച്ചു സുന്ദരമാക്കിയത്. എറണാകുളം, ‌തൃശൂർ ജില്ലകളിലെല്ലാം കുമാരന്റെ ബ്രഷ് പതിയാത്ത തപാൽ പെട്ടികൾ വളരെ വിരളമാണ്. മൂവാറ്റുപുഴ പോസ്‌റ്റ്‌ ഓഫീസ്‌ ജംഗ്ഷനിലെ തപാൽപ്പെട്ടിയിൽ പെയിന്റടിച്ചാണ് കുമാരന്റെ തുടക്കം. പിന്നെ തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല.സ്നേഹിതൻ രഘുവാണ്‌ തപാൽ ഓഫീസുമായി ബന്ധപ്പെടുത്തിയത്‌. അന്നവിടെ പോസ്‌റ്റൽ ഇൻസ്‌പെക്ടറായിരുന്ന മുരളീധരനാണ്‌ പെയിന്റ് ചെയ്യുവാൻ ആദ്യ അവസരം നൽകിയത്‌. എല്ലാ രണ്ടുവർഷം കൂടുമ്പോഴും തപാൽപ്പെട്ടികളുടെ അടുത്ത്‌ പെയിന്റും ബ്രഷുമായി കുമാരൻ എത്തും. മണ്ണിൽ കുഴിച്ചിടുന്ന പില്ലർ ബോക്‌സുകൾ, ടിവി മോഡൽ തപാൽപ്പെട്ടികൾ, ചെറിയ ചതുരപ്പെട്ടി മാതൃകയിലുള്ള സി ഫൈവ്‌ തപാൽപ്പെട്ടികൾ എന്നിവയ്‌ക്കെല്ലാം നിറം നൽകിയിട്ടുണ്ട്‌. ടിവി മോഡലും സി ഫൈവും അപൂർവമായാണ് കാണുന്നതെന്ന് കുമാരൻ പറഞ്ഞു. ആലുവ, എറണാകുളം, തൃശൂർ, ഇരിങ്ങാലക്കുട പോസ്‌റ്റൽ ഡിവിഷനുകളിലെ ജോലിയാണ്‌ ഇപ്പോൾ ചെയ്യുന്നത്‌. ആലുവ ഹെഡ്‌ പോസ്‌റ്റ്‌ ഓഫീസിലെ പോസ്‌റ്റ്‌ ബോക്‌സാണ്‌ അവസാനം പെയിന്റ്‌ ചെയ്‌തത്‌. ഇനാമൽ പെയിന്റാണ്‌ ഇതിന് വേണ്ടി ഉപയോഗിക്കുന്നത്.