fever

കോലഞ്ചേരി: പനി ലക്ഷണം ഉള്ളവർ നിർബന്ധമായും ചികിത്സ തേടണമെന്ന് ആരോഗ്യവകുപ്പിന്റെ നിർദേശം. കൊവിഡിന് പുറമെ ഇതര പകർച്ചവ്യാധികൾ കൂടി തലപൊക്കി തുടങ്ങിയതോടെയാണ് നിർദേശം. എല്ലാ​റ്റിന്റെയും പൊതു ലക്ഷണം പനിയായതിനാൽ ആശുപത്രിയിൽ നടത്തുന്ന വിശദ പരിശോധനയിലൂടെ മാത്രമെ രോഗം തിരിച്ചറിയാനാകൂ. കൊവിഡിന്റെ പശ്ചാത്തലത്തിൽ അത്യാവശ്യ ചികിത്സ വേണ്ട രോഗികൾ മാത്രം ആശുപത്രിയിൽ എത്തിയാൽ മതിയെന്ന് നേരത്തെ ആരോഗ്യവകുപ്പ് നിർദേശിച്ചിരുന്നു. വേനൽമഴ ലഭിച്ചതോടെ സംസ്ഥാനത്ത് ഡെങ്കിപ്പനി, എലിപ്പനി, മഞ്ഞപ്പിത്തം തുടങ്ങിയ പകർച്ചവ്യാധികൾ പിടിമുറുക്കി തുടങ്ങി. പനി ലക്ഷണം ഉള്ളവർ പോലും കൊവിഡ് ഭീതിയിലും മ​റ്റും ആശുപത്രിയിൽ എത്താൻ മടിക്കുന്ന സാഹചര്യവുമുണ്ട്. ഇത് കൊവിഡിനൊപ്പം ഇതര പകർച്ചവ്യാധികളും രൂക്ഷമാക്കും. ഈ സാഹചര്യത്തിൽ പനി ഉണ്ടെങ്കിൽ തൊട്ടടുത്ത സർക്കാർ ആശുപത്രിയിൽ ചികിത്സ തേടണമെന്നാണ് നിർദേശം.

മൂന്നു ഘട്ടമായുള്ള സ്‌ക്രീനിംഗിനു വിധേയമാക്കിയാണ് പരിശോധന. ഇതിനായുള്ള ത്രിതല സ്‌ക്രീനിംഗ് സൗകര്യം സജ്ജമാക്കാൻ സർക്കാർ ആശുപത്രികൾക്ക് ആരോഗ്യവകുപ്പ് നിർദേശം നൽകി.രോഗികൾ ഒ.പി റജിസ്‌ട്രേഷൻ കൗണ്ടറിൽ എത്തുമ്പോൾ ആരോഗ്യവിവരങ്ങൾ ചോദിച്ചറിഞ്ഞു രേഖപ്പെടുത്തും. ഒപ്പം പനി, ചുമ, ശ്വാസ തടസം, തൊണ്ടവേദന, വയറിളക്കം തുടങ്ങിയ ലക്ഷണങ്ങൾ ഉണ്ടോ? ന്യൂമോണിയ, പനിയോടുകൂടിയ ശ്വാസം മുട്ടൽ രോഗവുമായി വീട്ടിലോ പരിസരത്തോ ആരെങ്കിലും മരണപ്പെട്ടിട്ടുണ്ടോ ? നിങ്ങളുടെ വീടിരിക്കുന്ന പ്രദേശം കഴിഞ്ഞ 2 മാസത്തിനിടെ ഹോട് സ്‌പോട്ട് ഏരിയയിൽ ഉൾപ്പെട്ടിട്ടുണ്ടോ തുടങ്ങിയ ചോദ്യങ്ങൾക്ക് ഉത്തരം നൽകണം. ഉത്തരം ഇല്ല എന്നാണെങ്കിൽ നേരെ ജനറൽ ഒ.പിയിലേക്കു കടത്തിവിടും ഏതെങ്കിലും ചോദ്യത്തിന് ഉണ്ട് എന്നാണ് ഉത്തരമെങ്കിൽ അവർക്കു ട്രിപ്പിൾ ലെയർ മാസ്‌ക് നൽകി അടുത്ത മുറിയിലേക്കു മാ​റ്റും. ഇവിടെ വച്ച് സ്​റ്റാഫ് നഴ്‌സ് രേഖപ്പെടുത്തിയ വിവരങ്ങൾ ഒന്നു കൂടി ഉറപ്പാക്കും. ശേഷം മെഡിക്കൽ ഓഫീസറുടെ നേതൃത്വത്തിൽ മൂന്നാം ഘട്ട സ്‌ക്രീനിംഗ് നടത്തി സ്ഥിതിഗതികൾ വിലയിരുത്തി കൊവിഡ് നോഡൽ ഓഫീസറുമായി ബന്ധപ്പെട്ട് ആവശ്യമെങ്കിൽ രോഗിയെ അവിടേക്കു റഫർ ചെയ്യും.