• മുറികളിലെ വൈറസിനെ നശിപ്പിക്കുന്ന ഉപകരണം വികസിപ്പിച്ച് മലയാളി സംരംഭം
കൊച്ചി: മുറികൾക്കുള്ളിലെ കൊവിഡ് വൈറസിനെ നശിപ്പിക്കുന്ന ഉപകരണവുമായി കേരള സ്റ്റാർട്ടപ്പ് മിഷനിലെ സംരംഭം. ആൾ എബൗട്ട് ഇന്നൊവേഷൻസാണ് വൂൾഫ് എയർമാസ്‌ക് എന്ന ഉപകരണം വികസിപ്പിച്ചത്.
പതിനഞ്ച് മിനിറ്റുകൊണ്ട് 99 ശതമാനം കൊവിഡ് വൈറസിനെയും വൂൾഫ് നിർവീര്യമാക്കുന്നുണ്ടെന്ന് തിരുവനന്തപുരം രാജീവ്ഗാന്ധി സെന്റർ ഫോർ ബയോടെക്‌നോളജിയിലെ പരിശോധനയിൽ വ്യക്തമായിട്ടുണ്ട്. വായുസഞ്ചാരമില്ലാതെ അടഞ്ഞുകിടക്കുന്ന കെട്ടിടങ്ങളിലെയും ഓഫീസ് മുറികളിലെയും വൈറസ് വ്യാപനഭീഷണി ഒഴിവാക്കുന്നതിലൂടെ കൊവിഡ് പ്രതിരോധത്തിൽ നിർണായക നേട്ടമാകാൻ വൂൾഫ് എയർമാസ്കിന് കഴിയും. ചുവരിൽ പിടിപ്പിക്കാനുമാകും. വൈദ്യുതിവേണമെന്ന് മാത്രം. ആശുപത്രികൾ, ക്ലിനിക്കുകൾ, ലബോറട്ടറി, സിനിമാശാലകൾ തുടങ്ങിയ പൊതുസ്ഥലങ്ങളിൽ ചുരുങ്ങിയ ചെലവിൽ വൈറസ് നശീകരണത്തിന് ഉപകരിക്കും.
കൊവിഡ് കാലത്ത് ആലപ്പുഴയിലെ ആരോഗ്യവിഭാഗവുമായി ചേർന്ന് പ്രവർത്തിച്ചിരുന്ന കമ്പനിയാണ് ആൾ എബൗട്ട് ഇന്നൊവേഷൻസ്. ആലപ്പുഴ അർത്തുങ്കൽ സ്വദേശിയായ ബോണിഫേസ് ഗാസ്പറാണ് ഇതിന്റെ ഗവേഷണത്തിൽ മുഖ്യപങ്ക് വഹിച്ചത്.
വിദേശരാജ്യങ്ങളിലും മറ്റും വളരെമുമ്പുതന്നെ ഇത്തരം ഉപകരണങ്ങൾ ഉപയോഗത്തിലുണ്ടെങ്കിലും ഇന്ത്യയിൽ ഇത് വികസിപ്പിക്കുന്നത് ഇതാദ്യമാണ്. ഇറക്കുമതി ചെയ്യുമ്പോൾ ഇത്തരം ഉപകരണങ്ങൾക്ക് അഞ്ചുലക്ഷംരൂപവരെയാകും. വൂൾഫ് മാസ്‌കിന് മുറിയുടെ വലിപ്പത്തിനനുസരിച്ച് ആയിരം ചതുരശ്രഅടി വരെ 10,000 മുതൽ 50,000 രൂപ വരെയാണ് വില. പൊതുവിപണിയിൽ ലഭ്യമാണ്.
ഡെൻമാർക്കിൽനിന്ന് ഇറക്കുമതിചെയ്ത ഉപകരണങ്ങളുടെ സഹായത്തോടെ ജർമൻ സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തിയാണ് വൂൾഫ് എയർമാസ്‌കിന്റെ നിർമ്മാണം. ഒമ്പതുവർഷംവരെ ഉപയോഗിക്കാം. 60,000 മണിക്കൂറാണ് ശേഷി.
ഇലക്ട്രോസ്റ്റാറ്റിക് ഊർജം പ്രസരിപ്പിച്ച് 15 മിനിറ്റിനുള്ളിൽ ദോഷകരമായ വൈറസുകളെ നശിപ്പിക്കുന്നതാണ് ആൾ എബൗട്ട് ഇന്നോവേഷൻസ് വികസിപ്പിച്ചെടുത്ത സാങ്കേതികവിദ്യ. ആരോഗ്യത്തിന് ആവശ്യമായ വായുവിലെ ലഘുഘടകങ്ങളെ നിലനിറുത്തും.
ശ്യാംകുറുപ്പ്, ഡയറക്ടർ
ആൾ എബൗട്ട് ഇനോവേഷൻസ്