പള്ളുരുത്തി: അന്തരിച്ച ഫിലിപ്പ് രാജകുമാരന്റെ വേർപാട് മട്ടാഞ്ചേരി സ്വദേശിയായ ഗുസ്തി പരിശീലകനായ എം.എം.സലീമിന് നൊമ്പരമായി മാറുന്നു. കൊച്ചി സന്ദർശനവേളയിൽ രാജകുമാരൻ പള്ളുരുത്തിയിലെ സ്നേഹഭവൻ സന്ദർശിച്ചിരുന്നു. അന്ന് അവിടത്തെ കുട്ടികളെ സൗജന്യമായി ഗുസ്തി പരിശീപ്പിച്ചിരുന്നത് സലീമായിരുന്നു. ആ കുട്ടികൾ ദേശീയ മൽസരത്തിൽ പങ്കെടുക്കുകയും ജേതാക്കളാവുകയും ചെയ്തിരുന്നു. അന്ന് രാജകുമാരൻ സലീമിന് ഒരു ബ്രിട്ടീഷ് നാണയം സമ്മാനമായി നൽകിയിരുന്നു. അത് ഇന്നും ഒരു നിധിപോലെ സലീം സൂക്ഷിച്ചിട്ടുണ്ട്. ഗുസ്തിയെക്കുറിച്ച് രാജകുമാരൻ സലീമിനോട് സംസാരിച്ചു. ഗുസ്തി തനിക്ക് ഇഷ്ടപ്പെട്ട കായികവിനോദമാണെന്നും പറഞ്ഞു. അദ്ദേഹത്തിന്റെ വേർപാട് മനസിൽ ഒരു മുറിവായി മാറിയെന്നും അദ്ദേഹത്തെ പോലെ ഒരു മഹാനായ ഒരാളോട് സംസാരിക്കാൻ കഴിഞ്ഞത് ഒരു ഭാഗ്യമായി കാണുന്നതായും സലീം പറഞ്ഞു.