ബന്ധുവിന്റെ ഫ്ളാറ്റിൽ പരിശോധനയും
കൊച്ചി: ഡോളർ കടത്ത് കേസിൽ ഹാജരാകാൻ മൂന്നുവട്ടം നോട്ടീസ്. മൂന്നു തവണയും ഒഴിഞ്ഞുമാറ്റം. ഒടുവിൽ സ്പീക്കർ പി.ശ്രീരാമകൃഷ്ണനെ തിരുവനന്തപുരത്തെ നിയമസഭാ കോംപ്ളക്സിലെ ഔദ്യോഗിക വസതിയിലെത്തി കസ്റ്റംസ് ചോദ്യം ചെയ്തു. വെള്ളിയാഴ്ച അതീവ രഹസ്യമായിരുന്നു നടപടി. ഇതിനു പിന്നാലെ ഇന്നലെ ചാക്കയിലുള്ള അദ്ദേഹത്തിന്റെ ബന്ധുവിന്റെ ഫ്ലാറ്റിൽ പരിശോധനയും നടത്തി. ഡോളർ കൈമാറിയതായി സ്വപ്നയുടെ മൊഴിൽ പറയുന്ന ഫ്ലാറ്റിലെ ബി 4ലാണ് രണ്ടര മണിക്കൂർ നീണ്ട പരിശോധന.
വെള്ളിയാഴ്ച രാവിലെ 11.30ന് ആരംഭിച്ച ചോദ്യംചെയ്യൽ അഞ്ച് മണിക്കൂറോളം നീണ്ടു. സ്വർണക്കടത്ത്, ഡോളർ കടത്ത് കേസുകളിലെ പ്രതികളായ സ്വപ്ന, സരിത്ത് എന്നിവർ നൽകിയ രഹസ്യമൊഴികളിലെ സത്യമറിയാനാണ് ചോദ്യം ചെയ്തത്. കസ്റ്റസ് സൂപ്രണ്ട് സലിലിന്റെ നേതൃത്വത്തിൽ മൂന്ന് ഉദ്യോഗസ്ഥരാണ് സംഘത്തിലുണ്ടായിരുന്നത്. ആരോപണങ്ങളെല്ലാം അടിസ്ഥാന രഹിതമാണെന്നായിരുന്നു സ്പീക്കറുടെ മറുപടി. പനിയെത്തുടർന്ന് വിശ്രമത്തിലാണ് സ്പീക്കർ. വീണ്ടും ചോദ്യം ചെയ്യുമെന്നാണ് സൂചനയെങ്കിലും കൊവിഡ് സ്ഥിരീകരിച്ചതിനാൽ ഉടനുണ്ടാകില്ല.
ലൈഫ് മിഷൻ പദ്ധതിയുടെ കമ്മീഷനായി കിട്ടിയ ഒരുകോടി 90 ലക്ഷം രൂപ ഡോളറാക്കി യു.എ.ഇ കോൺസൽ ജനറൽ വഴി വിദേശത്തേക്ക് കടത്തിയെന്നതാണ് കേസ്. ഈ പണം ഗൾഫിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിക്ഷേപിച്ചെന്നാണ് സ്വപ്നയുടെ മൊഴി.
വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഉടമകളിൽ നിന്ന് കസ്റ്റംസ് വിവരങ്ങൾ ശേഖരിച്ചിട്ടുണ്ട്. സുഹൃത്ത് നാസറിന്റെ പേരിലുള്ള സിം ഉപയോഗിച്ചാണ് സ്പീക്കർ പ്രതികളെ ബന്ധപ്പെട്ടതെന്നാണ് കസ്റ്റംസ് കണ്ടെത്തൽ. നാസർ ഉൾപ്പെടെയുള്ളവരുടെ മൊഴിയും കസ്റ്റംസിന്റെ കൈയിലുണ്ട്. ഇക്കാര്യങ്ങളടക്കം സ്പീക്കറോട് ആരാഞ്ഞെന്നാണ് വിവരം.
മുഖ്യമന്ത്രിയുടെയും പി.ശ്രീരാമകൃഷ്ണന്റെയും പ്രേരണയിലാണ് ഡോളർ കടത്തിയതെന്ന സ്വപ്നയുടെ മൊഴി കസ്റ്റംസ് ഹൈക്കോടതിയെ അറിയിച്ചതിന് പിന്നാലെയായിരുന്നു സ്പീക്കർക്ക് ആദ്യ നോട്ടീസ് നൽകിയത്.
സ്പീക്കറുടെ ഒഴികഴിവുകൾ
1.ആദ്യ നോട്ടീസിന് കാബിനറ്റ് പദവിയുള്ള സ്പീക്കറെ ചോദ്യം ചെയ്യാൻ കസ്റ്റംസിന് അനുമതിയില്ലെന്ന് മറുപടി
2.തിരഞ്ഞെടുപ്പ് തിരക്കിലാണെന്നും ഇതിനു ശേഷം ഹാജരാകാമെന്നും കസ്റ്രംസിനെ അറിയിച്ച് ഒഴിവു വാങ്ങി
3.കഴിഞ്ഞ വ്യാഴാഴ്ച അസുഖമാണെന്ന് പറഞ്ഞാണ് ഹാജരാകാതിരുന്നത്
ഒത്തു നോക്കും
വിദേശത്തേക്ക് ഡോളർ കടത്തിയെന്ന ആരോപണത്തിൽ നിരവധി മൊഴികൾ കസ്റ്റംസ് ശേഖരിച്ചിട്ടുണ്ട്. സ്പീക്കറുടെ മൊഴി ഇവയുമായി ചേരുന്നുണ്ടോ എന്ന് പരിശോധിക്കും. അതിന് ശേഷമാവും മറ്റ് നടപടികൾ.
അതേസമയം വിശദീകരണം നൽകാമെന് നേരത്തെ സ്പീക്കർ വ്യക്തമാക്കിയിരുന്നെന്ന് കസ്റ്റംസ് അധികൃതർ പറഞ്ഞു. നിയമസഭയുടെ ഭരണഘടനാ പദവിയുടെ അന്തസ് മാനിച്ച്, സ്പീക്കറുടെ സൗകര്യം ചോദിച്ചറിഞ്ഞാണ് ഔദ്യോഗിക വസതിയിൽ വച്ച് കസ്റ്റംസ് വിശദീകരണം തേടിയതെന്നും അവർ വ്യക്തമാക്കി.
കസ്റ്റംസിന് സ്പീക്കറുടെ മറുപടി
കോൺസൽ ജനറലിന് നൽകാൻ പണമടങ്ങിയ ബാഗ് സന്ദീപിന് നൽകിയില്ല
കോൺസുലേറ്റ് ഉദ്യോഗസ്ഥ എന്ന നിലയിൽ സ്വപ്നയെ അറിയാം
സ്വപ്‌നയുമായി സൗഹൃദമുണ്ട്. സാമ്പത്തിക ഇടപാട് നടത്തിയിട്ടില്ല
ലോക കേരളസഭയുടെ മുദ്രയുള്ള ബാഗ് പലർക്കും സമ്മാനമായി നൽകി
സ്പീക്കർക്ക് കൊവിഡ്
സ്പീക്കർ പി. ശ്രീരാമകൃഷ്ണന് കൊവിഡ് സ്ഥിരീകരിച്ചതിനാൽ കഴിഞ്ഞ ദിവസങ്ങളിൽ അദ്ദേഹവുമായി സമ്പർക്കം പുലർത്തിയവർ നിരീക്ഷണത്തിൽ പോകണമെന്ന് സ്പീക്കറുടെ ഓഫീസ് അറിയിച്ചു. തിരുവനന്തപുരത്തെ ഔദ്യോഗിക വസതിയിലാണിപ്പോൾ. കടുത്ത പനിയും ശരീരവേദനയുമുണ്ട്. വീട്ടിൽ തന്നെ വിശ്രമിച്ചാൽ മതിയെന്നാണ് ഡോക്ടർമാർ നിർദ്ദേശിച്ചത്.
സ്വപ്നയുടെ മൊഴി
ഒമാനിലെ മിഡിൽ ഇൗസ്റ്റ് കോളേജിൽ ശ്രീരാമകൃഷ്ണന് നിക്ഷേപമുണ്ട്
പേട്ടയിലെ മരുതം ഫ്ളാറ്റിലേക്ക് വ്യക്തിപരമായ ദുരുദ്ദേശ്യത്തോടെ വിളിച്ചുവരുത്തി
വഴങ്ങാത്തതിനാൽ മിഡിൽ ഇൗസ്റ്റ് കോളേജിൽ വാഗ്ദാനംചെയ്ത ജോലി നൽകിയില്ല
പേട്ടയിലെ ഫ്ളാറ്റിൽ വച്ച് കോൺസൽ ജനറലിന് നൽകാൻ ഒരു ബാഗ് സന്ദീപിന് കൈമാറി
ലോക കേരളസഭയുടെ പേരും ചിഹ്നവുമുള്ള ബാഗിൽ പത്ത് നോട്ടു കെട്ടുകളുണ്ടായിരുന്നു
പേട്ടയിലെ മരുതം ഫ്ളാറ്റ് തന്റേതാണെന്ന് പലതവണ പറഞ്ഞിട്ടുണ്ട്
വിശദീകരണം തേടിയതാണെന്ന്
തിരുവനന്തപുരം: നിയമസഭയുടെ ഭരണഘടനാ പദവിയുടെ അന്തസ്സ് ഉയർത്തിപ്പിടിച്ച് സ്പീക്കറുടെ സൗകര്യം ചോദിച്ചറിഞ്ഞ് ഔദ്യോഗികവസതിയിൽ വച്ച് കസ്റ്റംസ് വിശദീകരണം തേടിയതാണെന്ന് സ്പീക്കറുടെ ഓഫീസ് വ്യക്തമാക്കി. ദൃശ്യമാദ്ധ്യമങ്ങളിലൂടെ വരുന്ന ഊഹാപോഹങ്ങൾ ശരിയല്ല. എല്ലാ വിവാദങ്ങൾക്കും വിശദീകരണം നൽകാൻ തയാറാണെന്ന് നേരത്തേ തന്നെ സ്പീക്കർ വ്യക്തമാക്കിയതാണ്. കസ്റ്റംസ് ഉദ്യോഗസ്ഥർ സ്പീക്കർ പദവിയോടുള്ള ബഹുമാനാർത്ഥം സ്പീക്കറുടെ വസതിയിലേക്ക് വരികയാണുണ്ടായത്. ഇതിനുമുമ്പ് ഒരു തവണ മാത്രമേ നോട്ടീസ് നൽകിയിട്ടുള്ളൂവെന്നും സ്പീക്കറുടെ ഓഫീസ് അറിയിച്ചു.