kumarnasan

ആലുവ: മഹാകവി കുമാരനാശാന്റെ 148 -ാം ജന്മദിനം നാളെ കടന്നുവരുമ്പോൾ ആലുവയ്ക്കും അദ്ദേഹത്തിന്റെ സ്മരണകൾ ഏറെ പറയാനുണ്ട്. ശ്രീനാരായണ ഗുരുവുമായുള്ള ബന്ധം വഴി ആലുവയിൽ കുമാരനാശാൻ ഓട് വ്യവസായം ആരംഭിക്കുകയായിരുന്നു.
1921ൽ ചെങ്ങമനാട് പെരിയാറിന്റെ കൈവഴിയോരത്ത് നാല് പേരുമായിട്ടാണ് 'യൂണിയൻ ടൈൽ വർക്‌സ്' എന്ന ഓട്ട് കമ്പനി സ്ഥാപിച്ചത്. ആലുവ പാലസിനോട് ചേർന്ന സ്ഥലമാണ് ആദ്യം വാങ്ങിയതെങ്കിലും ഓട്ടുനിർമാണത്തിന് കൊണ്ടുവരുന്ന കളിമണ്ണ് കലങ്ങി കൊട്ടാരക്കടവ് വൃത്തികേടാവുന്നതിനാൽ ഉപേക്ഷിച്ചു. കുമാരനാശാന്റെ കാലശേഷവും ഓട്ടു കമ്പനി പ്രവർത്തിച്ചു. കളിമൺ ഖനനത്തിനും ഭൂമിയുടെ ഉപയോഗത്തിലും വന്ന കർശന നിയമങ്ങൾ മൂലം 2003ലാണ് കമ്പനിയുടെ പ്രവർത്തനം നിലച്ചത്. ആലുവയിൽ 'ശാരദ ബുക്ക് ഡിപ്പോ' എന്ന പുസ്തക പ്രസിദ്ധീകരണ സ്ഥാപനവും നടത്തിയിരുന്നു.ആലുവയിലെ തന്റെ ഓട്ടുകമ്പനിയുടെ കാര്യങ്ങൾക്കായി നടത്തിയ യാത്രകൾക്കിടെയാണ് കുമാരനാശാന്റെ അന്ത്യവും. 1924 ജനുവരി 16ന് അദ്ദേഹത്തിന്റെ 51-ാം വയസിൽ പുലർച്ചെ പല്ലനയാറ്റിൽ ട്രാവൻകൂർ ആൻഡ് കൊച്ചിൻ മോട്ടോർ സർവീസിന്റെ റെഡീമർ എന്ന ബോട്ട് മറിഞ്ഞുണ്ടായ അപകടത്തിലാണ് ആശാൻ മരിച്ചത്. പല്ലനയിൽ തന്നെ കല്ലറ കെട്ടി അദ്ദേഹത്തിന്റെ മൃതദേഹം അടക്കം ചെയ്തു.

ആശാൻ ലൈൻ

ആലുവ നഗരത്തിനുള്ളിൽ കാസിനോ തീയറ്ററിന് പിന്നിൽ വയനത്തറയിൽ മൂന്നേക്കർ സ്ഥലം കുമാരനാശാന് സ്വന്തമായുണ്ടായിരുന്നു. ആശാന്റെ മരണ ശേഷം ഭാര്യ ഭാനുമതിയമ്മ വീട് നിർമ്മിച്ച് ഇവിടെ താമസിച്ചു. ഇപ്പോൾ 'ആശാൻ ലൈൻ' എന്ന പേരിലാണ് ഈ സ്ഥലവും സമീപത്തെ റോഡും അറിയപ്പെടുന്നത്. ആശാന്റെ ചെറുമക്കളിൽ വിജയകുമാർ, അരുൺകുമാർ, നിർമ്മല എന്നിവരുടെ പേരിൽ ഇപ്പോഴും ഇവിടെ വീടും സ്ഥലവുമുണ്ട്. ഇവരെല്ലാം താമസിക്കുന്നത് തിരുവനന്തപുരത്തും മദ്രാസിലുമാണ്. മറ്റൊരു ചെറുമകൻ പ്രദീപ് കുമാർ ചെങ്ങമനാട് ഓട്ടു കമ്പനിക്ക് സമീപം തലക്കൊള്ളി ഭാഗത്തും താമസിക്കുന്നുണ്ട്. ആശാൻ ലൈൻ എന്ന പേരിന്റെ ഉത്ഭവം പുതുതലമുറക്ക് അത്ര പരിചിതമായിരിക്കില്ല. 2013ൽ ഇവിടെ പ്രദേശവാസികൾ ചേർന്ന് സ്ഥാപിച്ച ലൈബ്രറിക്ക് കുമാരനാശാന്റെ പേരാണ് നൽകിയത്.ആശാൻ ലൈനിലെ ആശാന്റെ കെട്ടിടത്തിലാണ് ആലുവയിലെ ആദ്യ സപ്ളൈ ഓഫീസ് പ്രവർത്തിച്ചിരുന്നത്.