കോലഞ്ചേരി: കോലഞ്ചേരി സെന്റ് പീ​റ്റേഴ്‌സ് ഹയർ സെക്കൻഡറി സ്‌കൂൾ ഗ്രൗണ്ടിൽ കളിക്കാനെത്തിയ വിദ്യാർത്ഥികൾക്ക് നേരെ കൈയ്യേ​റ്റ ശ്രമം. മാനേജ്‌മെന്റ് പ്രതിനിധികളും സകൂൾ ജീവനക്കാരും ചേർന്നാണ് വിദ്യാർത്ഥികളെ കൈയ്യേ​റ്റം ചെയ്തത് ഇത് സംബന്ധിച്ച വീഡിയോ സാമൂഹ്യ മാദ്ധ്യമങ്ങളിൽ വൈറലായി. വെള്ളിയാഴ്ച വൈകിട്ട് 4 മണിയോടെയാണ് സംഭവം. സ്‌കൂളിലെ വിദ്യാർത്ഥികളും പൂർവ വിദ്യാർത്ഥികളുമടക്കം ഒരു സംഘം ഗ്രൗണ്ടിൽ കളിക്കാനെത്തിയതോടെയാണ് സംഭവങ്ങളുടെ തുടക്കം. കളിക്കാനനുവദിക്കില്ലെന്ന് പറഞ്ഞ് രംഗത്തെത്തിയ മാനേജ്‌മെന്റ് പ്രതിനിധികൾ കുട്ടികളെ കൈയ്യേ​റ്റം ചെയ്യുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്. കൂട്ടത്തിലുണ്ടായിരുന്ന കുട്ടികൾ തന്നെയാണ് വീഡിയോ പിടിച്ചത്. കളിക്കാനെത്തിയ കുട്ടികളെ പുറത്താക്കി ഗേ​റ്റ് അടക്കുന്നതും ദൃശ്യങ്ങളിൽ കാണുന്നുണ്ട്. ഇതേ സമയം എസ്.എസ്.എൽ.സി പരീക്ഷ നടക്കുന്നതിനാൽ അവർക്ക് ശല്യമാകാതിരിക്കാനാണ് കളി വിലക്കിയതെന്ന് സ്‌കൂൾ പ്രിൻസിപ്പൽ പറഞ്ഞു. കളിക്കാനെത്തുന്നവർ പുറമെ നിന്നുള്ളവരാണ്. ഇവർ സ്‌കൂളിൽ നാശനഷ്ടങ്ങൾ വരുത്തുന്നുണ്ട്. കൂട്ടികളെ ആരും കൈയ്യേ​റ്റം ചെയ്തിട്ടില്ലെന്നും കുട്ടികൾ മാനേജ്‌മെന്റ്.പ്രതിനിധികളെയാണ് കൈയ്യേ​റ്റം ചെയ്തതെന്നും അവർ കൂട്ടിച്ചേർത്തു.