വൈപ്പിൻ: മകന്റെ വെട്ടേറ്റ് പിതാവ് മരിച്ച സംഭവത്തിൽ മകനെതിരെ ഞാറക്കൽ പൊലീസ് കൊലപാതക കുറ്റത്തിനു കേസെടുത്തു. ഞാറക്കൽ പീച്ചുള്ളിൽ ജയേഷിനെതിരെയാണ് (33)കേസെടുത്തത്. തർക്കത്തിനിടെ പിതാവിന്റെ വെട്ടേറ്റ പ്രതി കോട്ടയം മെഡിക്കൽ കോളേജാശുപത്രിയിൽ പൊലീസ് നിരീക്ഷണത്തിൽ ചികിത്സയിലാണ്. ഇയാളുടെ തലയ്ക്കും വലതു കൈപ്പത്തിക്കുമാണ് വെട്ടേറ്റിട്ടുള്ളത്. നില ഗുരുതരമല്ലെന്ന് പൊലീസ് പറഞ്ഞു.
കഴുത്തിനേറ്റ വെട്ടാണ് പ്രസന്നന്റെ മരണത്തിനിടയാക്കിയതെന്ന് പൊലീസ് പറഞ്ഞു . പ്രസന്നന്റെ മൃതദേഹം പോസ്റ്റുമോർട്ടത്തിനുശേഷം സംസ്‌കരിച്ചു.
രണ്ട് വിവാഹം കഴിച്ചിട്ടുള്ള പ്രസന്നന്റെ ആദ്യഭാര്യയിലുള്ള രണ്ട് മക്കളിൽ ഒരാളാണ് ജയേഷ്. ആദ്യഭാര്യ ജയ മരിച്ചുപോയിരുന്നു. രണ്ടാംവിവാഹത്തിലും രണ്ട് മക്കളുണ്ട്. പ്രസന്നന്റെ നാല് സെന്റ് ഭൂമിയിൽ നിന്നും രണ്ട് സെന്റ് ജയേഷിന് എഴുതി നൽകണമെന്ന് പറഞ്ഞ് നേരത്തെമുതൽ നിലനിൽക്കുന്ന തർക്കമാണ് വെള്ളിയാഴ്ച വെട്ടിലും മരണത്തിലും കലാശിച്ചത്. മുനമ്പം ഡിവൈ.എസ്.പി ആർ. ബൈജുകുമാറിന്റെ നിർദ്ദേശപ്രകാരം ഞാറക്കൽ എസ്.എച്ച് ഒ രാജൻ കെ . അരമന, എസ്.ഐ അനുരാജ് എന്നിവരുടെ നേതൃത്വത്തിലാണ് പൊലീസ് നടപടികൾ സ്വീകരിച്ചത്.