vaiga-death

തൃക്കാക്കര: മുട്ടാർപുഴയിൽ പതിനൊന്നുകാരി വൈഗ മുങ്ങിമരിച്ച കേസിൽ ഒളിവിൽപോയ പിതാവ് കാക്കനാട് കങ്ങരപ്പടി ശ്രീഗോകുലം ഹാർമണി ഫ്ളാറ്റിൽ സാനുമോഹൻ 30ലക്ഷത്തോളം രൂപ സമാഹരിച്ചശേഷം ഭാര്യയുൾപ്പെടെയുള്ളവരെ കബളിപ്പിച്ചു. ഈ പണം കൈയിലുള്ളതിനാൽ എ.ടി.എം, ക്രെഡിറ്റ് കാർഡുകൾ ഉപയോഗിക്കേണ്ട. ഒളിവിൽ താമസിക്കാനും എളുപ്പമായി. പൊലീസിനെ ബുദ്ധിമുട്ടിലാക്കുന്നതും ഇതാണ്.

സാനുവും കുടുംബവും താമസിച്ചിരുന്ന ശ്രീഗോകുലം ഹാർമണി ബീറ്റാ ഗ്രീൻ 6 എ ഫ്‌ളാറ്റിൽ ഇന്നലെ പൊലീസ് വീണ്ടും പരിശോധന നടത്തി. ഡി.സി.പി ഐശ്വര്യ ഡോംഗ്റെ, തൃക്കാക്കര എ.സി.പി കെ. ശ്രീകുമാർ, തൃക്കാക്കര സി.ഐ കെ. ധനപാലൻഎന്നിവരടങ്ങുന്ന സംഘം വൈകിട്ട് ഏറെ നേരം ഫ്ളാറ്റിൽ ചിലവഴിച്ചു. അയൽവാസികളുമായും സംസാരിച്ചു.

സാനുവിന്റെ സുഹൃത്തുക്കളായ തിരുവനന്തപുരം സ്വദേശി ഉണ്ണിക്കൃഷ്ണൻ, സോണി തുടങ്ങിയവരെ ഇന്നലെ വീണ്ടും ചോദ്യംചെയ്തു. ഭാര്യ രമ്യയെയും ചോദ്യം ചെയ്യുമെന്നാണ് സൂചന.സാനു കേരളത്തിലുള്ളതായി സൂചനയില്ലെന്ന് ഡി.സി.പി ഐശ്വര്യ ഡോംഗ്റെ പറഞ്ഞു.

 പണം സമാഹരിച്ച വഴി

• ഭാര്യ രമ്യയുടെ പേരിലുള്ള ഫ്ളാറ്റ് അവരറിയാതെ പത്തുലക്ഷം രൂപയ്ക്ക് പണയംവച്ചു

• രമ്യയുടെ 40 പവൻ ആഭരണങ്ങൾ 11.47ലക്ഷം രൂപയ്ക്ക് പണയംവച്ചു

• ഫ്ളാറ്റിലെ താമസക്കാരിൽ നിന്നുൾപ്പെടെ നിരവധി പേരിൽനിന്ന് പതിനായിരങ്ങൾ മുതൽ ലക്ഷങ്ങൾവരെ കടംവാങ്ങി.

• പൂനെയിൽ നേരത്തേ ഫ്ളാറ്റിന് അഡ്വാൻസ് നൽകിയ തുകയിൽ അഞ്ചുലക്ഷം രൂപ അതീവരഹസ്യമായി ചെന്ന് മടക്കിവാങ്ങി. 9 ലക്ഷം രൂപയാണ് നൽകിയിരുന്നത്.

• സ്വന്തം ഫോൺപോലും 15000 രൂപയ്ക്ക് വിറ്റു

• കാറും കോയമ്പത്തൂരിൽ വിറ്റിട്ടുണ്ടാകും.

ഫ്ളാറ്റ് പണയം വച്ചത്

മറ്റൊരു ഫ്ളാറ്റുടമയ്ക്ക്

സാനു സ്വന്തം ഫ്ളാറ്റ് പത്തുലക്ഷം രൂപയ്ക്കാണ് പണയം വച്ചതെന്ന് അന്വേഷണസംഘം കണ്ടെത്തി. രമ്യയറിയാതെയായിരുന്നു ഇടപാടുകൾ. 2016ൽ രമ്യയുടെ പേരിൽ വാങ്ങിയതാണ് ഈ ഫ്ളാറ്റ്. ഇവിടെ തന്നെ താമസിക്കുന്നയാളാണ് പണം നൽകിയത്.

ഇയാളുടെ ഫ്‌ളാറ്റിന്റെ ഇന്റീരിയർ വർക്കുകൾ ചെയ്തത് സാനുമോഹനാണ്. ഈ ബന്ധം ഉപയോഗിച്ചാണ് ഫ്‌ളാറ്റ് പണയംവച്ചത്. മൂന്ന് മാസത്തിനുള്ളിൽ പണം മടക്കിനൽകുമെന്നായിരുന്നു കരാർ.