കൊച്ചി: സ്വർണക്കടത്ത് കേസിലെ പ്രതികൾ സർക്കാർ സംവിധാനം ദുരുപയോഗം ചെയ്ത് ഇ.ഡിക്കും അന്വേഷണ ഉദ്യോഗസ്ഥനുമെതിരെ വ്യാജതെളിവുകൾ ചമയ്ക്കുകയാണെന്ന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ മറുപടി നൽകി. സ്വർണക്കടത്തിൽ മുഖ്യമന്ത്രിയുടെ പേരുപറയാൻ ഇ.ഡി ഉദ്യോഗസ്ഥർ നിർബന്ധിച്ചെന്ന് ആരോപിച്ച് സന്ദീപ് നായർ പൂജപ്പുര ജയിലിൽനിന്ന് എഴുതിയ കത്തിൽ കോടതി ഇ.ഡിയുടെ വിശദീകരണം തേടിയിരുന്നു. തുടർന്നാണ് ഇ.ഡിയുടെ സ്പെഷ്യൽ പ്രോസിക്യൂട്ടർ അഡ്വ. ടി.എ. ഉണ്ണിക്കൃഷ്‌ണൻ മറുപടി രേഖാമൂലം നൽകിയത്. കത്തുമായി ബന്ധപ്പെട്ട പരാതി കോടതി മേയിലേക്ക് മാറ്റി.
ഇ.ഡിയുടെ അന്വേഷണം രാഷ്ട്രീയപ്രേരിതമാണെന്ന ആരോപണം ശരിയല്ല. കള്ളപ്പണം വെളുപ്പിക്കുന്നത് തടയൽ നിയമപ്രകാരമാണ് അന്വേഷണം. കോടതിയുടെ അനുമതിയോടെ അന്വേഷണ ഉദ്യോഗസ്ഥൻ ജയിലിലെത്തി ചില കമ്പനികളുടെ ലിസ്റ്റ് കാണിച്ചെന്നും മന്ത്രിമാർക്ക് ഇൗ കമ്പനികളിൽ നിക്ഷേപമുണ്ടെന്ന് പറയണമെന്നും ആവശ്യപ്പെട്ടതായി സന്ദീപ് ആരോപിക്കുന്നുണ്ട്. ഇത് അടിസ്ഥാനരഹിതമാണ്. അന്വേഷണ ഏജൻസിയുടെ പ്രതിച്ഛായ തകർക്കാൻ ആരോപണങ്ങൾ കെട്ടിച്ചമയ്ക്കുകയാണ്. ഉന്നതസ്വാധീനമുള്ള പ്രതികളുടെയും മറ്റുചിലരുടെയും സഹായത്തോടെ അന്വേഷണം അട്ടിമറിക്കാൻ ഇവർ ശ്രമിക്കുന്നുണ്ടെന്നും അന്വേഷണം ഇത്രയും പുരോഗമിച്ചശേഷം പരാതി ഉന്നയിക്കുന്നത് സംശയാസ്പദമാണെന്നും മറുപടിയിൽ പറയുന്നു. ഇ.ഡിക്കെതിരെ ക്രൈംബ്രാഞ്ച് കേസെടുത്തതിനെതിരെ ഹൈക്കോടതിയിലുള്ള ഹർജി മറച്ചുവച്ചാണ് സന്ദീപിനെ ചോദ്യംചെയ്യാനും രഹസ്യമൊഴിയെടുക്കാനും ക്രൈംബ്രാഞ്ച് അനുമതി തേടിയതെന്നും മറുപടിയിൽ വ്യക്തമാക്കിയിട്ടുണ്ട്.