തോപ്പുംപടി: കൊച്ചി നഗരസഭയിൽ പുതിയ കൗൺസിലർമാർ സ്ഥാനമേറ്റിട്ടും കൊച്ചിയിലെ കാനകൾ വൃത്തിയാക്കാൻ നടപടിയായില്ല. ഡിവിഷനിലെ പല കാനകളും തോടുകളും മാലിന്യം നിറഞ്ഞ് ദുർഗന്ധപൂരിതമാണ്. വെയിലുള്ള സമയത്ത് ചളി കോരിവെച്ചാൽ മാത്രമേ ഉണങ്ങിയതിനു ശേഷം കോർപ്പറേഷന്റെ വാഹനത്തിൽ കൊണ്ടുപോകാൻ കഴിയൂ. മഴ എത്തിയാൽ ഈ നടപടികളുടെ താളം തെറ്റും. മാർച്ചിനു മുൻപ് ചെയ്യേണ്ട പല പ്രവൃത്തികളും അവതാളത്തിലാണ്. പല പദ്ധതികളുടെയും ഫണ്ടുകൾ പാഴാകുന്ന സ്ഥിതിയാണ്. രാമേശ്വരം കനാലിന് വേണ്ടി കോടികൾ മുടക്കിയിട്ടും ഇത് ഇനിയും വ്യത്തിയാക്കാൻ അധികാരികൾക്കായിട്ടില്ല. പള്ളുരുത്തി, മട്ടാഞ്ചേരി, ഫോർട്ടുകൊച്ചി ഭാഗത്തെ കാനകളുടെ അവസ്ഥയും ഇതു തന്നെയാണ്.പല സ്ഥലത്തും സ്ളാബുകൾ പൊളിച്ച് ഉയർത്തി പണിയുന്ന ജോലികൾ തകൃതിയായി നടക്കുന്നുണ്ട്. എന്നാൽ കാനകളുടെ കാര്യത്തിൽ ഒരു തീരുമാനവും ആയിട്ടില്ല. ശക്തമായി മഴ പെയ്താൽ സ്ളാബ് ഉയർത്തി നിർമ്മിച്ചതിനാൽ റോഡിലെ അഴുക്ക് വെള്ളം മുഴുവനും നാട്ടുകാരുടെ വീടുകളിലേക്ക് കയറുന്ന സ്ഥിതിയായി മാറും.