nayathode

അങ്കമാലി: കാൽപ്പന്തിന്റെ ആവേശ തിമിർപ്പിൽ ആറാടിയ ഒരു മാസക്കാലത്തെ വേനൽക്കാല ഫുട്‌ബാൾ പരിശീലന ക്യാമ്പ് ഇന്ന് സമാപിക്കും.ഡി.വൈ.എഫ്.ഐ നായത്തോട് സൗത്ത് യൂണിറ്റും, രാജേഷ് കുമാർ കെ.കെ.മെമ്മോറിയൽ ട്രസ്റ്റും സംയുക്തമായി എ.കെ.ജി ഗ്രൗണ്ടിൽ നടത്തിയ ക്യാമ്പിൽ 10 മുതൽ 15 വയസു വരെയുള്ള നൂറോളം കുട്ടികളാണ് പങ്കെടുത്തത്. മഹാമാരിയുടെ ഒറ്റപ്പെടലിൽ നിന്നും മോചനമായിരുന്നു പലർക്കും ഈ ക്യാമ്പ്. കൃത്യമായ കൊവിഡ് പ്രോട്ടോകോൾ പാലിച്ചായിരുന്നു പരിശീലനം. 2019 ലാണ് ഇവിടെ വേനൽക്കാല കോച്ചിംഗ് ആരംഭിക്കുന്നത്.കൊവിഡ് 19 പടർന്നുപിടിച്ചതിനാൽ കഴിഞ്ഞ വർഷം ക്യാമ്പ് നടത്താനായില്ല.ഫുട്‌ബാളിന്റെ ആരവങ്ങളിൽ പങ്കുചേരുക എന്നതിനപ്പുറം അച്ചടക്കമുള്ള ജീവിത ദിനചര്യയുടെ ഭാഗമാകാനുള്ള പരിശീലനവും ഈ കൂടിചേരലിൽ നിന്നും കുട്ടികൾക്ക് ലഭിച്ചു. ആരോഗ്യമുള്ള ഒരു തലമുറയെ വാർത്തെടുക്കാൻ ഇത്തരം ക്യാമ്പുകൾ അനിവാര്യമാണന്നാണ് സംഘാടകർ വിലയിരുത്തുന്നത്. ക്യാമ്പ് ആരംഭിച്ച ശേഷം പ്രാന്തപ്രദേശങ്ങളിൽ നിന്ന് കുട്ടികളെ ചേർക്കാനുള്ള അന്വേഷണങ്ങൾ ഏറെയായിരുന്നു.എന്നാൽ മഹാമാരിയുടെ പശ്ചാത്തലത്തിൽ കൂടുതൽ കുട്ടികളെ പങ്കെടുപ്പിക്കാൻ സംഘാടകർക്ക് കഴിഞ്ഞില്ല. സംസ്ഥാന ടീമുകൾ പങ്കെടുക്കുന്ന സെവൻസ് മത്സരം ആരംഭിക്കാൻ ഡി.വൈ.എഫ്.ഐ തയ്യാറെടുക്കുകയാണ്. ക്യാമ്പിലെ കുട്ടികൾക്ക് പാലും കോഴിമുട്ട പുഴുങ്ങിയതും എല്ലാ ദിവസവും വിതരണം ചെയ്തു. വിദഗ്‌ദധ പരീശീലകരായ റെയിൽവെ താരം അംജാദ് ബഷീർ, അമൽ.കെ.ഒ, ശരത്.കെ.എസ് എന്നിവർ ക്യാമ്പ് നയിച്ചു. പങ്കെടുത്ത എല്ലാവർക്കും ജില്ലാ സ്‌പോർട്‌സ് കൗൺസിലിന്റെ അംഗീകാരത്തോടെ സർട്ടിഫിക്കറ്റ് നൽകും. ഒരു പതിറ്റാണ്ടായി നായത്തോടിന്റെ ഫുട്‌ബാൾ മാമാങ്കം അരങ്ങേറുന്ന എ.കെ.ജി ഗ്രൗണ്ടിൽ വീണ്ടും സംസ്ഥാന ടീമുകൾ പങ്കെടുക്കുന്ന സെവൻസ് മത്സരം ആരംഭിക്കാൻ ഡി.വൈ.എഫ്.ഐ തയ്യാറെടുക്കുകയാണ്.