കൊച്ചി: വീടിന്റെ അടിത്തറ യന്ത്രസഹായത്തോടെ ഉയർത്തുന്നതിന് (ജാക്ക് ലിഫ്ടിംഗ് ടെക്നോളജി) തദ്ദേശ സ്ഥാപനങ്ങിൽനിന്ന് ബിൽഡിംഗ് പെർമിറ്റ് അനിവാര്യമാണെന്ന് ഹൈക്കോടതി വ്യക്തമാക്കി. ഇങ്ങനെ അനുമതി നൽകാൻ തദ്ദേശസ്ഥാപനങ്ങൾ ഏതു ഘടകങ്ങളൊക്കെ പരിഗണിക്കണമെന്ന കാര്യത്തിൽ സർക്കാർ വ്യക്തത വരുത്തി നിർദ്ദേശം നൽകണമെന്നും സിംഗിൾബെഞ്ച് ഉത്തരവിട്ടു. എറണാകുളം തമ്മനത്തെ വില്ലകളിലൊന്നിന്റെ അടിത്തറ ഉയർത്തുന്നതിനെതിരെ സമീപത്തെ മറ്റുവില്ലകളുടെ ഉടമകൾ നൽകിയ ഹർജി തീർപ്പാക്കിയാണ് ഹൈക്കോടതിയുടെ വിധി.
വെള്ളക്കെട്ടിനെത്തുടർന്ന് വീടിന്റെ അടിത്തറ ദുർബലമായെന്നും അറ്റകുറ്റപ്പണികൾക്കു വേണ്ടിയാണ് വീട് ഉയർത്തുന്നതെന്നും വീട്ടുടമ കോടതിയിൽ ബോധിപ്പിച്ചു. ഇൗ പ്രവൃത്തിക്ക് തദ്ദേശഭരണ സ്ഥാപനങ്ങളിൽനിന്ന് അനുമതി വാങ്ങണമെന്ന് വ്യവസ്ഥയില്ലെന്നും വാദിച്ചു. മൂന്നടിയോളം വീടുയർത്താൻ നടത്തുന്ന ശ്രമങ്ങൾ സമീപത്ത് താമസിക്കുന്നവർക്ക് ഭീഷണിയാണെന്നാണ് ഹർജിക്കാരുടെ ആരോപണം. തുടർന്നാണ് ഇതിന് ബിൽഡിംഗ് പെർമിറ്റ് വാങ്ങണമെന്ന് ഹൈക്കോടതി വ്യക്തമാക്കിയത്. വീടിന്റെ രൂപത്തിന് ഏതു തരത്തിലുള്ള മാറ്റംവരുത്താനും അനുമതി വാങ്ങണമെന്ന് ചട്ടത്തിൽ വ്യവസ്ഥയുണ്ട്. വീടിന്റെ ഉയരം വർദ്ധിപ്പിക്കാനും വിസ്തീർണം കൂട്ടാനുമൊക്കെ അനുമതി വേണം. യന്ത്രസഹായത്തോടെ വീട് ഉയർത്തുന്നതിനും ഇതു ബാധകമാണ് - ഹൈക്കോടതി വ്യക്തമാക്കി.