ഫോർട്ട്കൊച്ചി: ചാളയും അയലയും കൊച്ചിയിൽ കണി കാണാനില്ല. വല്ലപ്പോഴും ലഭിച്ചാൽ തന്നെ തീ വിലയും. ഇന്നലെ മാർക്കറ്റിൽ അയല കിലോക്ക് 400 രൂപയായിരുന്നു വില. നല്ല ചാളക്കും ഇതു തന്നെയാണ് വില. വൻതോതിൽ ചെമ്മീനുകൾ ലഭിക്കുന്നുണ്ടെങ്കിലും ഇതിന്റെ വിലയും ഉയർന്നു തന്നെ. വലിയ കരിമീൻ വില 800 വരെ എത്തി.നത്തോലി കൊഴുവ, പള്ളത്തി ഇവയുടെ വിലയും ഉയർന്നു തന്നെ. മിനിമം 500 രൂപയില്ലാതെ വീട്ടമ്മമാർക്ക് മാർക്കറ്റിൽ പോകാൻ കഴിയാത്ത സ്ഥിതിയായി മാറിയിരിക്കുകയാണ്. പരമ്പരാഗത വള്ളക്കാർ കൊണ്ടുവരുന്ന പൊടിമീനുകൾക്ക് വരെ കിലോക്ക് 300 രൂപയാണ്. കൊച്ചി ഹാർബറിൽ നിന്നും പുറംകടലിലേക്ക് പോയി വരുന്ന ബോട്ടുകൾ വെറും കൈയ്യോടെയാണ് തിരിച്ചു വരുന്നത്. വല്ലപ്പോഴും കിട്ടുന്ന ചൂര, കേര മീനുകൾ കിഴക്കൻ മേഖലകളിലേക്ക് കയറി പോകുന്ന സ്ഥിതിയാണ്. കടലിലെ കടുത്ത ചൂടും ആവാസവ്യവസ്ഥയും ചാളയും അയലയും കേരളം വിടാൻ കാരണമായെന്ന് വിദഗ്‌ദർ ചൂണ്ടിക്കാട്ടുന്നു. ഇതു മുഴുവനായും തമിഴ്നാനാട്ടിലേക്ക് ചേക്കേറിയതായിട്ടാണ് റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടുന്നത്. എന്നാൽ ഒമാൻ ചാള എന്ന പേരിൽ വരുന്ന വലിയ ചാളക്കും വില 400 ആണ്.ഇതിന് നെയ് വളരെ കൂടുതലായിരിക്കും.കോക്കാൻ ചാള എന്ന മീൻ മലയാളികൾ കണ്ടിട്ട് വർഷങ്ങളായത്രേ!
അയല കിലോക്ക് 400
വലിയ ചാളക്ക് വില 400
വലിയ കരിമീൻ വില 800