ആലുവ: മൂത്രാശയ സംബന്ധമായ രോഗത്തിന് ഇട്ടിരുന്ന ട്യൂബ് നീക്കം ചെയ്യാനെത്തിയ വൃദ്ധന് ജില്ലാ ആശുപത്രിയിൽ അവഗണനയെന്ന് പരാതി. കളമശേരി സ്വദേശിയായ 80കാരൻ ചാത്തൻകുട്ടിക്കാണ് ആലുവ ജില്ലാ ആശുപത്രിയിൽ അവഗണന നേരിട്ടത്. ട്യൂബ് നീക്കം ചെയ്യുന്നതിനായി ഇന്നലെ രാവിലെ 10 ന് എത്താൻ അറിയിച്ചതനുസരിച്ച് ചാത്തൻകുട്ടി എത്തിയെങ്കിലും സർജൻ ഉണ്ടായിരുന്നില്ല. 12 മണി കഴിഞ്ഞപ്പോഴാണ് സർജൻ എത്തിയത്. സർജൻ പരിശോധിച്ച ശേഷം വൈകിട്ട് 3 വരെ പ്രത്യേകിച്ച് വിവരവുമുണ്ടായില്ല. പിന്നീട് പുറത്തുള്ള സ്വകാര്യ സ്‌കാനിംഗ് സെന്ററിൽ പോയി സ്‌കാൻ ചെയ്യാൻ നിർദ്ദേശം ലഭിച്ചു. അഞ്ച് മണിക്കൂറോളം മൂത്രമൊഴിക്കാൻ പോലുമാകാതെ വൃദ്ധൻ കഷ്ടപ്പെട്ടു.
സംഭവമറിഞ്ഞെത്തിയ നഗരസഭ കൗൺസിലർമാരായ പ്രീത രവി, ശ്രീലത രാധാകൃഷ്ണൻ, ബി.ജെ.പി ആലുവ മുനിസിപ്പൽ കമ്മിറ്റി പ്രസിഡന്റ് ആർ. സതീഷ് കുമാർ ഇടപ്പെട്ടപ്പോഴാണ് തുടർ ചികിത്സ ലഭ്യമായത്. വൃദ്ധനാണെന്ന പരിഗണന പോലുമില്ലാതെ രോഗിയെ കഷ്ടപ്പെടുത്തിയ ഡോക്ടർക്കെതിരെ നടപടി എടുക്കണമെന്ന് ബി.ജെ.പി നേതാക്കൾ ആവശ്യപ്പെട്ടു.