കൊച്ചി: ഇത്തവണ വിഷു സദ്യ ഒരുക്കാൻ വീട്ടമ്മമാർ അധികം ടെൻഷൻ അടിക്കേണ്ടി വരില്ല. പോക്കറ്റ് കാലിയാകാതെ വീട്ടിൽ വിഭവസമൃദ്ധമായ സദ്യ ഒരുക്കാം. എല്ലാത്തവണയും വിഷുക്കാലത്ത് പച്ചക്കറി വില കുത്തനെ ഉയരാറാണ് പതിവ്. എന്നാൽ ഇത്തവണ ആ പതിവിന് വിപരീതമായി പിച്ചക്കറിവില താഴ്ന്നു. അവിയൽ, സാമ്പാർക്കിറ്റുകളുമായി വഴിയോരക്കച്ചവടക്കാരും എത്തിക്കഴിഞ്ഞു. ഒരുകിറ്റിന് 50 രൂപ മാത്രം. എല്ലാ സാധനങ്ങൾക്കും ഇത്തവണ പൊതുവെ വിലകുറവാണ്. മൂന്ന് മാസം മുൻപ് 70 രൂപ ആയിരുന്ന സവാളയാണ് മാർക്കറ്റിലെ താരം. സവാള മൊത്തക്കച്ചവടക്കാർ 16 രൂപയ്ക്കും ചെറുകിട വിൽപ്പനക്കാർ 20 രൂപയ്ക്കുമാണ് വിൽക്കുന്നത്. ലോക്ഡൗണിന് ശേഷം കർഷകർ വ്യാപകമായി കൃഷി ആരംഭിച്ചതാണ് പച്ചക്കറികൾക്ക് വിലകുറയാൻ കാരണം. കഴിഞ്ഞ 20 ദിവസം മുൻപാണ് പച്ചക്കറികൾക്ക് വില കുറഞ്ഞു തുടങ്ങിയത്. തമിഴ്നാട്, കർണാടക, ആന്ധ്രപ്രദേശ് എന്നിവിടങ്ങളിൽ നിന്നാണ് കേരളത്തിലേക്ക് പച്ചക്കറികൾ എത്തുന്നത്. ഈസ്റ്റർ സമയത്ത് പച്ചക്കറിവില കുറഞ്ഞതും ആളുകൾക്ക് ആശ്വാസമായിരുന്നു.
വിലവിവരം
ഇനം വോൾസെയിൽ വില റീറ്റെയിൽ വില
പയർ 24 30
വെണ്ടയ്ക്ക 22 30
ബീൻസ് 50 60
കണിവെള്ളരി 20 40
വെള്ളരി 10 20
കാരറ്റ് 30 40
ബീറ്റ്റൂട്ട് 34 24
പച്ചമുളക് 45 60
ഇഞ്ചി 30 60
കിഴങ്ങ് 25 30
തക്കാളി 20 25
മത്തൻ 10 20
കുമ്പളം 10 20
ചേന 15 20
പാവയ്ക്ക 45 50
പടവലം 15 24
മുരങ്ങയ്ക്ക 25 40
അടുത്ത ദിവസം മുതൽ വിഷു സ്റ്റോക്ക് കൂടുതലായി പോകുന്നതുകൊണ്ട് പച്ചക്കറിക്ക് വില കൂടാൻ സാദ്ധ്യതയുണ്ട്. എങ്കിലും മുൻവർഷങ്ങളെ അപേക്ഷിച്ച് വിഷു വിപണി ജനങ്ങൾക്ക് ആശ്വാമാണ്-
എൻ.എച്ച്.ഹമീദ്,
മാർക്കറ്റ് സ്റ്റാൾ ഓണേഴ്സ് അസോസിയേഷൻ ജില്ല ജനറൽ സെക്രട്ടറി