കൊച്ചി: സർക്കാർ സംവിധാനങ്ങളുടെ പിന്തുണയില്ലാതെ നാമാവശേഷമാകുന്ന പരമ്പരാഗത വ്യവസായങ്ങളുടെ പട്ടികയിലേക്ക് കേരളത്തിലെ ഉണക്കമീൻ വ്യവസായവും.തൊഴിലാളിക്ഷാമവും മത്സ്യദൗർലഭ്യവുമാണ് ഉണക്കമീൻ വ്യവസായത്തെ പ്രതിസന്ധിയിലാക്കുന്നത്.മത്സ്യലഭ്യത കുറയുമ്പോൾ തൊഴിലാളികൾക്ക് മതിയായ വേതനം ലഭിക്കില്ല. കൂലി മുതലാകാതെവരുമ്പോൾ തൊഴിലാളികൾ മറ്റ് മേഖലകളിലേക്ക് ചേക്കേറും. അങ്ങനെ അൽപ്പാല്പമായി ക്ഷയിച്ച് ഇല്ലാതാവുകയാണ് കേരളത്തിലെ ഉണക്കമീൻ വ്യവസായം. എറണാകുളത്തെ തീരമേഖലയിൽ ഇനി അവശേഷിക്കുന്നത് രണ്ടോ മൂന്നോ സംസ്കരണകേന്ദ്രങ്ങൾ മാത്രമാണ്.
ശുചിത്വത്തിലും ഗുണനിലവാരത്തിലും നൂറുശതമാനം നിഷ്കർഷയുള്ളവരാണ് കേരളത്തിലെ ഉണക്കമീൻ വ്യവസായികൾ.എറണാകുളത്തെ കടലോരമേഖലയിൽ മുമ്പുണ്ടായിരുന്ന ചാപ്പകളിൽ പലതും ഇന്ന് വിസ്മൃതിയിലായി.മലയാളിക്ക് ഉണക്കമീൻ പത്ഥ്യമായതുകൊണ്ടുതന്നെ മാർക്കറ്റിൽ കിട്ടുന്നത് ഏതായാലും വാങ്ങും. പച്ചമീൻ പഴകിയതോ രാസവസ്തുക്കൾ ചേർത്ത് സംസ്കരിച്ചതോ ആണെങ്കിൽ പിടിച്ചെടുത്ത് നശിപ്പിക്കാനും കേസ് എടുക്കാനും സർക്കാർ സംവിധാനങ്ങളുണ്ട്. എന്നാൽ ഉണക്കമീനിന്റെ കാര്യത്തിൽ ഇത്തരം ഗുണനിലവാര പരിശോധകളൊന്നുമില്ല. അതുകൊണ്ടുതന്നെ ഗുണനിലവാരമില്ലാത്ത ഉണക്കമീൻ മലയാളിയുടെ തീന്മേശയിൽ എത്താനുള്ള സാധ്യതയും കൂടുതലാണ്. അന്യസംസ്ഥാനത്തുനിന്ന് വരുന്ന ഉണക്കമീൻ വൃത്തിഹീനമായ സാഹചര്യത്തിൽ സംസ്കരിക്കുന്നതാണെന്ന ആക്ഷേപം നേരത്തെയുണ്ട്.ഭക്ഷ്യമേഖലയിൽ സ്വയംപര്യാപ്തത കൈവരിക്കണമെന്ന് നാഴികക്ക് നാൽപ്പതുവട്ടം ആഹ്വാനം ചെയ്യുന്ന സർക്കാർ സംവിധാനങ്ങൾ നാളിതുവരെ തിരിഞ്ഞുനോക്കാത്ത മേഖലയാണ് കേരളത്തിലെ ഉണക്കമീൻ ചാപ്പകൾ. പരമ്പരാഗതമായി ചെയ്തുവരുന്ന തൊഴിൽ ഏതുവിധേനയും നിലനിർത്താനുള്ള ചില വ്യവസായികളുടെ പരിശ്രമം കൊണ്ടുമാത്രമാണ് നാമമാത്രയെങ്കിലും കുറെ ചാപ്പകൾ ഇപ്പോഴും പ്രവർത്തിക്കുന്നത്.
ഉണക്കമീൻ ചാപ്പ
കടലിൽ നിന്ന് കൊണ്ടുവരുന്ന മീൻ അന്നുതന്നെ ശുദ്ധജലത്തിൽ കഴുകിവൃത്തിയാക്കി നൂറുശതമാനം ഗുണമേന്മയോടെയാണ് സംസ്കരിക്കുന്നത്. മിക്കവാറും ബോട്ടുകൾ എത്തുന്നത് സന്ധ്യനേരങ്ങളിൽ ആയിരിക്കും. എന്നാലും ഒരുദിവസം പോലും വൈകാതെ അന്നുരാത്രിതന്നെ ശുദ്ധജലത്തിൽ കഴുകി ഗുണമേന്മയുള്ള കല്ലുപ്പ് ലായനിയിൽ പ്രത്യേകം തയ്യാറാക്കിയ ടാങ്കിൽ സംസ്കരിക്കുകയാണ് ചെയ്യുന്നത്. ഇത്തരം സംവിധാനത്തിന് ചാപ്പയെന്നാണ് പറയപ്പെടുന്നത്.
വ്യവസായം പ്രതിസന്ധിയിൽ
എറണാകുളം മുനമ്പത്ത് 40 വർഷത്തോളമായി ചാപ്പ നടത്തിവരികായണ്. മുൻകാലങ്ങളെ അപേക്ഷിച്ച് തൊഴിലാളി ക്ഷാമവും മത്സ്യത്തിന്റെ ദൗർലഭ്യവും കനത്ത തിരിച്ചടിയായി. കൊവിഡ് കാലത്ത് സ്റ്റോക്ക് ചെയ്ത ഉണക്കമീൻ പിന്നീട് വിലകുറച്ച് വിൽക്കേണ്ടി വന്നതിനാൽ 20 ലക്ഷത്തോളം രൂപയുടെ നഷ്ടമുണ്ടായി. അതൊക്കെ എങ്ങനെ അതിജീവിക്കുമെന്ന കാര്യത്തിൽ ആശങ്കയുണ്ട്.
ജോഷി, ഉണക്കമീൻ വ്യവസായി, മുനമ്പം.