കൊച്ചി: പ്രതികൂല സാഹചര്യത്തിൽ ചതുപ്പുനിലത്ത് ഇടിച്ചിറക്കിയ ഹെലികോപ്ടറിൽ സുരക്ഷിതരായി ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലിയും ഭാര്യ ഷാബിറയും. ഇവർക്കൊപ്പം മൂന്ന് സെക്രട്ടറിമാരും യാത്ര ചെയ്ത ലുലു ഗ്രൂപ്പിന്റെ അഗസ്റ്റ വെസ്റ്റ്ലാൻഡ് ഹെലികോപ്ടറാണ് ഇന്നലെ രാവിലെ 9ന് എറണാകുളം വൈറ്റിലയ്ക്കും അരൂരിനും മദ്ധ്യേ പനങ്ങാട് പൊലീസ് സ്റ്റേഷന് സമീപത്തെ ചതുപ്പുനിലത്ത് ഇടിച്ചിറക്കിയത്.
ദേശീയപാതാ ബൈപ്പാസിലെ സർവീസ് റോഡിനോടു ചേർന്ന് മതിൽ കെട്ടിത്തിരിച്ച ചതുപ്പിൽ, വൃക്ഷങ്ങളിലോ മതിലുകളിലോ ഹൈടെൻഷൻ ലൈനുകളിലോ തട്ടാതെ ഹെലികോപ്ടർ കൃത്യമായി ഇറക്കാൻ മുഖ്യ പൈലറ്റ് റിട്ട. എയർഫോഴ്സ് വിംഗ് കമാൻഡർ കെ.ബി. ശിവകുമാർ കാട്ടിയ വൈദഗ്ദ്ധ്യമാണ് അപകടസാദ്ധ്യത ഒഴിവാക്കിയത്. എൻജിൻ പ്രവർത്തനത്തിൽ തകരാർ നേരിട്ടതായും സൂചനയുണ്ട്.
ലേക്ഷോർ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ബന്ധുവിനെ സന്ദർശിക്കാൻ കൊച്ചുകടവന്ത്രയിലെ വീട്ടിലെ ഹെലിപ്പാഡിൽ നിന്ന് പുറപ്പെട്ടതായിരുന്നു യൂസഫലി. ബന്ധുവിനെ സന്ദർശിച്ച് സ്വദേശമായ തൃശൂർ നാട്ടികയിലേക്ക് പോകാനായിരുന്നു കോപ്ടർ യാത്ര. ഇറങ്ങാനായി പനങ്ങാട് ഫിഷറീസ് സർവകലാശാലയുടെ ഗ്രൗണ്ടിനെ സമീപിക്കവേയാണ് തകരാർ സംഭവിച്ചത്. പെട്ടെന്ന് മഴ പെയ്തതും കാറ്റടിച്ചതും പ്രതികൂലമായെങ്കിലും ഹെലികോപ്റ്റർ അറുന്നൂറു മീറ്ററോളം മാറി ചതുപ്പിൽ ഇറക്കുകയായിരുന്നു.
ചതുപ്പുനിലമായതിനാൽ ഇടിച്ചുനിൽക്കുന്നതിന്റെ ആഘാതം കുറയ്ക്കാൻ കഴിഞ്ഞു. വാതിലിന്റെ താഴ്ഭാഗം ചെളിയിൽ അമർന്നതാണ് നേരിട്ട ഏക പ്രതിസന്ധി. എമർജൻസി വാതിലിലൂടെയാണ് എല്ലാവരും പുറത്തിറങ്ങിയത്.
രണ്ട് പൈലറ്റുമാർ ഉൾപ്പെടെ ഏഴു പേർക്കും പരിക്കില്ല. നടുവേദന അനുഭവപ്പെട്ട യൂസഫലി ലേക്ഷോർ ആശുപത്രിയിൽ നിരീക്ഷണത്തിലാണ്.
ഹെലികോപ്ടർ ചതുപ്പിൽ ഇടിച്ചിറങ്ങുന്ന വലിയ ശബ്ദം കേട്ട്, തൊട്ടടുത്തു താമസിക്കുന്ന രാജേഷാണ് ആദ്യമെത്തിയത്. ചതുപ്പിൽ പുതഞ്ഞ ഹെലികോപ്ടറിന്റെ വാതിൽ തുറക്കാൻ ബുദ്ധിമുട്ടി. മഴ പെയ്യുന്നതിനിടെ രാജേഷും, പനങ്ങാട് പൊലീസ് സ്റ്റേഷനിലെ സീനിയർ സി.പി.ഒ ആയ ഭാര്യ ബിജിയും ചേർന്നാണ് എല്ലാവരെയും പുറത്തെത്തിച്ചത്. നടുവേദന ഉണ്ടെന്നു പറഞ്ഞ യൂസഫലിയെ ഇവർ വീട്ടിൽ നിന്ന് കൊണ്ടുവന്ന കസേരയിൽ ഇരുത്തി. അപ്പോഴേക്കും കൂടുതൽ പേർ എത്തി.
യാത്രികരായ അഞ്ചുപേരും പി.പി.ഇ കിറ്റ് ധരിച്ചിരുന്നതിനാൽ ഓടിക്കൂടിയവർക്ക് യൂസഫലിയെയും ഭാര്യയെയും തിരിച്ചറിയാൻ കഴിഞ്ഞില്ല. പനങ്ങാട് പൊലീസിന്റെ വാഹനത്തിലാണ് എല്ലാവരെയും ആശുപത്രിയിലെത്തിച്ചത്.
ലുലു ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള ഹെലികോപ്റ്റർ രണ്ടു വർഷം മുമ്പാണ് വാങ്ങിയത്. ശനിയാഴ്ചയാണ് യൂസഫലി അബുദാബിയിൽ നിന്ന് കൊച്ചിയിലെത്തിയത്.
യാത്രക്കാർ
• എം.എ.യൂസഫലി
• ഭാര്യ ഷാബിറ യൂസഫലി
• പ്രൈവറ്റ് സെക്രട്ടറിമാരായ ഹാരീസ്, ഷിഹാബ്, ഷാഫി
• പൈലറ്റുമാരായ കെ.ബി. ശിവകുമാർ, അശോക്
വിനയായത് കാലാവസ്ഥ: ലുലു ഗ്രൂപ്പ്
അപ്രതീക്ഷിതമായി കാലാവസ്ഥ മോശമായതും കനത്ത മഴയും മൂലമാണ് എം.എ. യൂസഫലി സഞ്ചരിച്ച ഹെലികോപ്ടറിന് മുൻകരുതൽ ലാൻഡിംഗ് നടത്തേണ്ടി വന്നതെന്ന് ലുലു ഗ്രൂപ്പ് അറിയിച്ചു. യാത്രികരുടെയും പൊതുജനങ്ങളുടെയും ജീവരക്ഷയെ മുൻനിറുത്തിയാണ്, സുരക്ഷിതമെന്നു വിലയിരുത്തിയ സ്ഥലത്ത് കോപ്ടർ അടിയന്തരമായി ഇറക്കാൻ പൈലറ്റുമാർ തീരുമാനിച്ചത്. യാത്രികരും പൈലറ്റുമാരും സുരക്ഷിതരാണെന്ന് ലുലു ഗ്രൂപ്പ് ഇന്റർനാഷണൽ ഹെഡ് ക്വാർട്ടേഴ്സ് കമ്മ്യൂണിക്കേഷൻസ് ഡയറക്ടർ വി. നന്ദകുമാർ പത്രക്കുറിപ്പിൽ പറഞ്ഞു.