കളമശേരി: കോൺഗ്രസിലെ ഗ്രൂപ്പ് പോര് മൂർച്ഛിച്ച കളമശേരിയിൽ എ വിഭാഗം നേതാവ് ടി.കെ. കുട്ടിയെ കളമശേരി സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് സ്ഥാനത്തുനിന്ന് മാറ്റാൻ കരുനീക്കം തുടങ്ങി. മുസ്ലിംലീഗിലെ ഒരുവിഭാഗവുമായി ചേർന്നാണ് മറുപക്ഷം ചരടുവലിക്കുന്നത്.

ടി.കെ. കുട്ടിയുടെ നേതൃത്വത്തിലുള്ള കഴിഞ്ഞ ഭരണസമിതി നോർത്ത് കളമശേരിയിൽ 58 സെന്റ് സ്ഥലം ഓഫീസ് സമുച്ചയത്തിനായി വാങ്ങാൻ ശ്രമിച്ചിരുന്നു. കോൺഗ്രസിലെ ഒരുവിഭാഗം ഇതിനെതിരെ രംഗത്തുവരുകയും തുടർന്ന് സ്ഥലമെടുപ്പ് മുടങ്ങുകയും ചെയ്തിരുന്നു. എന്നാൽ മുമ്പ് എതിർത്തവർ സ്ഥലം എടുക്കണമെന്ന ആവശ്യവുമായി നാലഞ്ചുവർഷങ്ങൾക്കുശേഷം വീണ്ടും രംഗത്തുവന്നിരിക്കുന്നത് കമ്മീഷൻ മോഹിച്ചെന്നാണ് സഹകാരികളുടെ ആരോപണം. സെന്റിന് 16.25 ലക്ഷം വിലവരുന്ന സ്ഥലമിടപാട് നടന്നാൽ വൻതുക കമ്മീഷൻ കിട്ടുമെന്നതാണ് പുതിയ നീക്കത്തിന് പിന്നിലെന്നാണ് ആക്ഷേപം. ബാങ്ക് പ്രസിഡൻ്റ് ഇതിന് കൂട്ടുനിൽക്കാത്തത് ഒരു വിഭാഗത്തെ ചൊടിപ്പിച്ചിരിക്കുകയാണ്. 13 അംഗ ഭരണസമിതിയിൽ പ്രസിഡന്റുൾപ്പെടെ അഞ്ചുപേർ ഒരു ഭാഗത്തും എട്ടുപേർ മറുഭാഗത്തുമാണ്. ഒരു ഡയറക്ടർ ബോർഡംഗം ലോണിന് ജാമ്യംനിന്നതും വൻതുക കുടിശികവന്നതും അത് ഓഡിറ്റ് റിപ്പോർട്ടിൽ വന്നതും വിവാദമായിരിക്കുകയാണ്. കോൺഗ്രസിന്റെ ഉന്നതനേതൃത്വം പ്രശ്നത്തിൽ ഇടപെട്ടെങ്കിലും തിരഞ്ഞെടുപ്പ് തിരക്കുകാരണം പരിഹരിക്കാൻ കഴിഞ്ഞിട്ടില്ല.

'