കൊച്ചി: കമ്പനികളിലെ വനിതാ ഡയറക്ടർമാരുടെ സംഭാവനകളും മികവും പുറംലോകം അറിയുന്നില്ലെന്ന് ഡൽഹി സ്കിൽ ആൻഡ് എന്റർപ്രണർഷിപ്പ് യൂണിവേഴ്സിറ്റി വൈസ് ചാൻസലർ പ്രൊഫ. നിഹാരിക വോറ പറഞ്ഞു. കെ.എം.എ വനിതാ ലീഡർഷിപ്പ് വിഭാഗം സംഘടിപ്പിച്ച സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ.
2003 ലാണ് വനിതകൾ കമ്പനികളുടെ ബോർഡുകളിൽ അംഗമായി തുടങ്ങിയത്. ഒരു വനിതയെങ്കിലും ബോർഡിൽ വേണമെന്നാണ് ഇന്ത്യൻ നിയമം. അഞ്ഞൂറോളം കോർപ്പറേറ്റ് കമ്പനികളിൽ മൂന്നു ശതമാനത്തിൽ ഇപ്പോഴും വനിതകളില്ല. വിദ്യാഭ്യാസത്തിലും പരിചയസമ്പത്തിലും മികവ് പുലർത്തുന്നുണ്ടെങ്കിലും വനിതാ ഡയറക്ടർമാരുടെ സേവനം വേണ്ടത്ര അംഗീകരിക്കപ്പെടുന്നില്ലെന്ന് അവർ പറഞ്ഞു. കെ.എം.എ സീനിയർ വൈസ് പ്രസിഡന്റ് നിർമല ലില്ലി അദ്ധ്യക്ഷത വഹിച്ചു. ഫെഡറൽ ബാങ്ക് എക്സിക്യുട്ടീവ് ഡയറക്ടറും ചീഫ് ഓപ്പറേറ്റിംഗ് ഓഫീസറുമായ ഡോ. ശാലിനി വാര്യർ, തത്വ സെന്റർ ഒഫ് ലേണിംഗ് ഡയറക്ടർ ഡോ. ശൈലജ മേനോൻ, കെ.എം.എ സെക്രട്ടറി ജോമോൻ ജോർജ് എന്നിവർ സംസാരിച്ചു.