പറവൂർ: നഗരത്തിലെ വഴിയോരകച്ചവടക്കാരെ പുനരധിവസിപ്പിക്കാൻ പറവൂർ നഗരസഭ നിർമ്മിച്ച മുസിരിസ് ബസാർ കൊവിഡിൽ തകർന്നു. കഴിഞ്ഞവർഷം ഫെബ്രുവരി 16നായിരുന്നു ഉദ്ഘാടനം. തുടക്കത്തിൽ പകുതിയിൽ താഴെ കടകളിലാണ് കച്ചവടം ആരംഭിച്ചത്. മറ്റുകടകൾ തുറക്കുന്നതിനുള്ള ശ്രമങ്ങൾ നടക്കുന്നതിനിടെയാണ് ലോക് ഡൗൺ പ്രഖ്യാപിച്ചത്. കൊവിഡ് നിയന്ത്രങ്ങളിൽ ഇളവുകൾ വന്നുവെങ്കിലും ആദ്യംതുറന്ന കടകളോ മറ്റുകടകളോ ആരംഭിച്ചിട്ടില്ല. കടകൾ ലഭിച്ച വഴിയോരക്കച്ചവടക്കാർ ഇപ്പോൾ വഴിയോരങ്ങളിൽ കച്ചവടം ആരംഭിച്ചിട്ടുണ്ട്.
പറവൂർ സ്വകാര്യ ബസ്‌സ്റ്റാൻഡിന് പുറകുവശത്ത് 36.50 ലക്ഷം രൂപ ചെലവിലാണ് ആദ്യഘട്ട പദ്ധതി നടപ്പാക്കിയത്. 24 കച്ചവടക്കാരെയാണ് ഇവിടെ പുനരധിവസിപ്പിച്ചത്. ദേശീയ നഗരഉപജീവനമിഷന്റെ സഹായത്തോടെ പറവൂർ നഗരസഭയിൽ കുടുംബശ്രീ സംസ്ഥാനമിഷന്റെ സഹകരണത്തോടെയാണ് ബസാർ നിർമ്മിച്ചത്. കേരളത്തിൽ ഇത്തരത്തിലുള്ള ആദ്യത്തെ തെരുവുകച്ചവട കേന്ദ്രമാണിത്.
മോഹന വാഗ്ദാനങ്ങൾ നൽകി തുടക്കം.
പലിശരഹിത വായ്പയും കുറഞ്ഞ വാടകയും നഗരസഭ യൂണിയൻ ബാങ്കുമായി സഹകരിച്ച് കച്ചവടക്കാർക്ക് ആറ് മാസത്തേക്ക് 50,000 രൂപ പലിശരഹിത വായ്പ ലഭ്യമാക്കുമെന്നായിരുന്ന വാഗ്ദാനം. ആദ്യത്തെ 3 മാസം വാടകയില്ല. ബസാറിന്റെ ഉദ്ഘാടനുബന്ധിച്ച് മൂന്നുമാസത്തെ വിപണനമേള.
പകൽ വാഹനപാർക്കിംഗ്, രാത്രിയിൽ തെരുനായ്ക്കളും
ബസാറിൽ കച്ചവടത്തട്ടുകൾ, ആവശ്യമായ വെളിച്ചം. ഫാനുകൾ തുടങ്ങിയ എല്ലാ സൗകര്യങ്ങളോടെയായിരുന്നു നിർമ്മിച്ചത്. ഉപയോഗിക്കാതെ കിടക്കുന്നതിനാൽ കച്ചവടത്തട്ടുകൾ തുരുമ്പിച്ചുതുടങ്ങി. ഫാനുകൾ നിശ്ചലമാണ്. ബൾബുകൾ കത്തുന്നില്ല. കടകൾ തുറക്കാതെയായതോടെ പൊടിപിടിച്ച അവസ്ഥയിലായി. ഇതോടെ ഇരുചക്രവാഹനങ്ങളുടെ പാർക്കിംഗ് കേന്ദ്രമായി. രാത്രിയിൽ തെരുവായ്ക്കളുടെ സങ്കേതവുമാണ്.