മൂവാറ്റുപുഴ: നഗരം ഗതാഗതക്കുരുക്കിൽ വീർപ്പുമുട്ടുമ്പോൾ കാൽ നടയാത്രക്കാർ ദുരിതത്തിൽ. എം.സി.റോഡടക്കം മൂന്നു സംസ്ഥാന പാതകളും കൊച്ചി -ധനുഷ്കോടി ദേശീയപാതയും കടന്നുപോകുന്ന മൂവാറ്റുപുഴ നഗരം എപ്പോഴും ഗതാഗത കുരുക്കിലാണ്. രാവിലെ 10 ന് ആരംഭിക്കുന്ന ഗതാഗത കുരുക്ക് രാത്രി 9 മണിയായാലും അവസാനിക്കാറില്ല. ദേശീയ പാത എം.സി.റോഡുമായി സന്ധിക്കുന്ന വെള്ളൂർക്കുന്നം ജംഗ്ഷനിലെ സിഗ്നൽ ഇടക്കിടെ തകരാറിലാകുന്നത് ഗതാഗത കുരുക്കിന് ആക്കം കൂട്ടുന്നു.
കൊവിഡ് രൂക്ഷമായതിനെ തുടർന്ന് നിയന്ത്രണങ്ങൾ വരുന്നുവെന്ന പ്രചാരണമുയർന്നതോടെ സാധനങ്ങളും മറ്റും വാങ്ങുവാൻ വാഹനവുമായി ആളുകൾ എത്തുന്നതും ഗതാഗതക്കുരുക്ക് രൂക്ഷമാകാൻ കാരണമായിട്ടുണ്ട്. അതിനു പുറമെ അനധികൃത പാർക്കിംഗും സ്ഥിതി രൂക്ഷമാക്കുന്നു. രാവിലെ മുതൽ കാറുകളുടെ നീണ്ട നിരതന്നെ റോഡിലുണ്ടാകാൻ തുടങ്ങും. പ്രധാന റോഡുകൾക്ക് പുറമെ ചെറു റോഡുകളും സ്വകാര്യ വാഹനങ്ങളുടെ പാർക്കിംഗിന്റെ കേന്ദ്രമാകും .
സിഗ്നൽ തകരാറിലാകുന്നത്
പതിവ് കാഴ്ച്ച
വെള്ളൂർക്കുന്നം കവലയിലെ സിഗ്നൽ ലൈറ്റുകൾ കഴിഞ്ഞ ആറു മാസത്തിനിടെ എട്ടാമത്തെ തവണയാണ് തകരാറിലാകുന്നത്. കെൽട്രോൺ സ്ഥാപിച്ച സിഗ്നൽ ലൈറ്റുകൾ തകരാറിലായാൽ അവർ തന്നെ എത്തിയാണ് അറ്റകുറ്റപ്പണികൾ നടത്തി വീണ്ടും പ്രവർത്തന സജ്ജമാക്കുന്നത്. എന്നാൽ ലൈറ്റുകൾ തകരാറിലായത് അറിയിച്ചു കഴിഞ്ഞാൽ ആഴ്ചകൾ കഴിഞ്ഞായിരിക്കും ഇവർ ഇത് പരിഹരിക്കാൻ എത്തുന്നത്. കുറച്ചു നാൾ തകരാർ കൂടാതെ പ്രവർത്തിക്കുമെങ്കിലും താമസിയാതെ വീണ്ടും തകരാറിലാകും. ഒരാഴ്ച മുൻപാണ് ഒടുവിൽ സിഗ്നൽ തകരാറിലായിരിക്കുന്നത്.
എങ്ങുമെത്താതെ പൊലീസിന്റെ സേവനം
രൂക്ഷമായ ഗതാഗതക്കുരുക്കുമൂലം ജനം വലഞ്ഞിട്ടും പൊലീസിന്റെ സേവനം കാര്യമായി ലഭ്യമാകുന്നില്ലെന്ന പരാതി ഉയർന്നിട്ടുണ്ട്. സ്ഥിരം ഗതാഗതക്കുരുക്കുണ്ടാകുന്ന കാവുങ്കര മേഖലയിലടക്കം നഗരത്തിലെ വിവിധ ഭാഗങ്ങളിൽ ട്രാഫിക് പൊലീസിന്റെ സേവനം എത്തുന്നില്ല. കീച്ചേരി പടി, വൺവേ ജംഗ്ഷൻ, ബി.ഒ.സി, വെള്ളൂക്കുന്നം ജംഗ്ഷൻ, ഇ.ഇ.സി.മാർക്കറ്റ് ജംഗ്ഷൻ എന്നിവിടങ്ങളിൽ ട്രാഫിക് പൊലീസിന്റെ സേവനം ഉണ്ടാകണമെന്നാണ് ജനങ്ങളുടെ ആവശ്യം.