തൃപ്പൂണിത്തുറ: കൊവിഡ് വ്യാപനഭീതിക്കിടയിലും നാടെങ്ങും വിഷുവിനെ വരവേൽക്കാനുള്ള ഒരുക്കത്തിലാണ്. കണികാണുന്നതിനുള്ള ഉണ്ണിക്കണ്ണന്മാരുടെ വില്പന പാതയോരങ്ങളിൽ കാണാം. പച്ചക്കറിക്കടകളിൽ കണിവെള്ളരിയും മറ്റ് പച്ചക്കറികളും നിറഞ്ഞുകഴിഞ്ഞു. പ്രകൃതിയിൽ കണിക്കൊന്ന പൂത്തുലഞ്ഞുനിൽക്കുകയാണ്.
കൃഷ്ണന്റെ പ്രതിമയ്ക്ക് വലിപ്പത്തിനനുസരിച്ച് 150മുതൽ 500 രൂപവരെയാണ് വില.
കണിവെള്ളരിക്കും മറ്റ് പച്ചക്കറികൾക്കും വിലക്കുറവുണ്ട്. ഇടയ്ക്കിടെ പെയ്യുന്ന വേനൽമഴയിലും കനത്ത കാറ്റിലും കൊന്നപ്പൂക്കൾ പലതും കൊഴിഞ്ഞുപോകുന്നുണ്ട്. അതിനാൽ ഇക്കുറി കണിക്കൊന്നപ്പൂവിന് ഡിമാൻഡ് കൂടും. കോലഞ്ചേരി, മൂവാറ്റുപുഴ, കൂത്താട്ടുകുളം, പിറവം, വൈക്കം എന്നീ സ്ഥലങ്ങളിൽ നിന്നാണ് തൃപ്പൂണിത്തുറയിൽ കൊന്നപ്പൂക്കൾ എത്തുന്നത്.
വിഷുവിന് ഉടുക്കാൻ കണ്ണന്റെ ചിത്രവും മയിൽപ്പീലിയും ആലേഖനം ചെയ്ത സെറ്റ് സാരികളും തുണിക്കടകളിൽ സ്ഥാനം പിടിച്ചിട്ടുണ്ട്. കരിമരുന്നുകൾക്കാണ് വിലയേറെ. അപകടം തീരെ കുറഞ്ഞ ചൈനീസ് പടക്കങ്ങൾ വിപണിയിൽ വേണ്ടത്ര ലഭ്യമല്ല.
കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് വിഷുക്കണി ഒരുക്കാനും ഭക്തർക്ക് കൈനീട്ടം നൽകാനും ക്ഷേത്രങ്ങളും ഒരുക്കത്തിലാണ്.
കരിമരുന്ന് വിലനിലവാരം
കമ്പിത്തിരി 30, 60,100
മത്താപ്പ് 50, 100
പൂത്തിരി 50, 100, 150, 200
ചക്രം 50,75, 100