കോലഞ്ചേരി: സെന്റ് പീറ്റേഴ്സ് ഹയർ സെക്കൻഡറി സ്കൂൾ ഗ്രൗണ്ടിൽ കളിക്കാനെത്തിയ വിദ്യാർത്ഥികളെ കൈയേറ്റം ചെയ്തത് തമിഴ്‌നാട് പൊലീസിനെ ആക്രമിച്ച കേസിലെ പ്രതിയുടെ നേതൃത്വത്തിൽ.
രണ്ട് വർഷം മുമ്പ് സാമ്പത്തിക കുറ്റകൃത്യവുമായി ബന്ധപ്പെട്ട് കോടതി നിർദ്ദേശ പ്രകാരം അറസ്റ്റ് ചെയ്യാനെത്തിയ തമിഴ്‌നാട് പൊലീസിലെ എസ്.ഐ അടക്കമുള്ളവരെയാണ് ഇയാളുടെ നേതൃത്വത്തിൽ ക്രൂരമായി മർദ്ദിച്ചത്. ഈ സംഭവത്തിൽ ഇയാൾ അടക്കമുള്ളവർ ജാമ്യത്തിലാണെന്ന് നാട്ടുകാർ പറയുന്നു. ഇയാളുടെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസം സ്‌കൂൾ ഗ്രൗണ്ടിൽ കളിക്കാനെത്തിയ വിദ്യാർത്ഥികളെ കൈയേറ്റം ചെയ്യുന്നത് വീഡിയോയിൽ ദൃശ്യമാണ്. ഇതേ സമയം സംഭവം വിവാദമായതോടെ വിശദീകരണവുമായി സ്‌കൂൾ മാനേജർ രംഗത്തു വന്നു. സ്‌കൂൾ ഗ്രൗണ്ടിൽ കളിക്കാനെത്തുന്നവർ സാമൂഹ്യ വിരുദ്ധ പ്രവർത്തികളിൽ ഏർപ്പെടുന്നതു കൊണ്ടാണ് കളി വിലക്കിയതെന്നാണ് വീഡിയോയിലെ വിശദീകരണം. നേരത്തെ സ്വതന്ത്റമായ രീതിയിൽ പ്രവർത്തിച്ചിരുന്ന സ്‌കൂളിൽ ഏതാനും നാളുകളായി ഏകാധിപത്യ പ്രവണതയാണെന്ന് നാട്ടുകാർ ആരോപിക്കുന്നു. എയ്ഡഡ് സ്‌കൂളായ ഇവിടെ സ്വന്തം ഇഷ്ടാനുസരണമാണ് കാര്യങ്ങൾ നടത്തുന്നത്. 14 വർഷത്തോളം പ്രിൻസിപ്പലായിരുന്ന അദ്ധ്യാപികയെ തരം താഴ്ത്തി മാനേജ്‌മെന്റിന്റെ ആഞ്ജാനുവർത്തിയായ മറ്റൊരദ്ധ്യാപികയ്ക്ക് ചുമതല നൽകിയതും ഇതിനെതിരെ സ്ഥാന നഷ്ടം വന്ന അദ്ധ്യാപിക പരസ്യ പ്രതിഷേധം നടത്തിയതും വാർത്തയായിരുന്നു. നിലവിൽ ഇതു സംബന്ധിച്ച് ഹൈക്കോടതിയിൽ കേസും നിലനിൽക്കുന്നുണ്ട്.