ആലുവ: തിരഞ്ഞെടുപ്പിന് ശേഷം സംസ്ഥാനത്ത് റേഷൻ വിതരണം താറുമാറായതായി ഓൾ കേരള റീട്ടെയിൽ റേഷൻ ഡീലേഴ്‌സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ജോണി നെല്ലൂർ ആരോപിച്ചു. റേഷൻ കടകളിൽ അരിയുണ്ടെങ്കിലും മൈനസ് ബില്ലിംഗ് അനുവദിക്കാത്തതിനാൽ വിഷു പ്രമാണിച്ചുള്ള അരിവിതരണം നടത്താനാകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
ഭക്ഷ്യമന്ത്രി പി. തിലോത്തമൻ വീണ്ടും മത്സരിക്കാത്തതാണോ അനാസ്ഥ കാണിക്കുന്നതിന് പിന്നിലെന്ന് സംശയമുണ്ട്. വിഷു, ഈസ്റ്റർ, റംസാൻ പ്രമാണിച്ചുള്ള സ്‌പെഷ്യൽ അരിയും കിറ്റും ഇതുവരെ റേഷൻ കടകളിലെത്തിയിട്ടില്ല. കിറ്റ് വിതരണം ചെയ്ത വകയിൽ ഏഴ് മാസത്തെ കമ്മീഷൻ കുടിശിഖയുണ്ട്. അടിക്കടിയുണ്ടാകുന്ന സെർവർ തകരാർ കാര്യക്ഷമമായ റേഷൻ വിതരണത്തിന് തടസമാകുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ജനറൽ സെക്രട്ടറി ടി. മുഹമ്മദാലി, ട്രഷറർ ഇ. അബൂബക്കർഹാജി എന്നിവർ സംസാരിച്ചു.