കൊച്ചി: കൊച്ചിയിലെ മൂന്ന് ആഡംബര ഹോട്ടലുകളിൽ എക്സൈസും കസ്റ്രംസ് പ്രിവിന്റീവ് വിഭാഗവും സംയുക്തമായി നടത്തിയ പരിശോധനയിൽ ഡിസ്‌ക് ജോക്കി (ഡി.ജെ) അടക്കം നാലു പേർ അറസ്റ്റിലായി. ആലുവ സ്വദേശികളായ നിസ്‌വിൻ(39), ഡെന്നീസ്(42), ജോണി (48), ഡി.ജെ ബംഗളൂരു സ്വദേശി അൻസാർ (48) എന്നിവരാണ് പിടിയിലായത്.
1.6 ഗ്രാം എം.ഡി.എം.എ, 50 ഗ്രാം കഞ്ചാവ് എന്നിവ ഇവരിൽ നിന്ന് കണ്ടെടുത്തു. കൂടുതൽ അറസ്റ്രുണ്ടാകുമെന്ന് എക്സൈസ് വൃത്തങ്ങൾ സൂചിപ്പിച്ചു. എറണാകുളത്തെ രണ്ട് ഹോട്ടലുകളിലും ഫോർട്ടുകൊച്ചിയിലെ ഒരു ഹോട്ടലിലും ശനിയാഴ്ച രാത്രി 11.40ന് ആരംഭിച്ച പരിശോധന പുലർച്ചെ രണ്ട് വരെ നീണ്ടു. എക്‌സൈസ് കമ്മിഷണർക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു മിന്നൽ നീക്കം. നിശാപാർട്ടികളിൽ രാസലഹരി മരുന്ന് ഉപയോഗിക്കുന്നുണ്ടെന്നും കൊച്ചിയിലെ പ്രതിരോധമേഖലാ ഉദ്യോഗസ്ഥരും പങ്കെടുക്കുന്നുണ്ടെന്നുമായിരുന്നു വിവരം. ഇതിന്റെ അടിസ്ഥാനത്തിലാണ് എക്‌സൈസ് കസ്റ്റംസ് പ്രിവന്റീവ് സൂപ്രണ്ടിനെ വിവരം അറിയിച്ച് സംയുക്ത പരിശോധന നടത്തിയത്. ലാബ്രഡോർ ഇനത്തിൽപ്പെട്ട സ്നിഫർ ഡോഗ് എഡ്മണ്ടിനെ ലഹരി വസ്തുക്കൾ മണത്ത് കണ്ടെടുക്കാനായി ഉപയോഗിച്ചു.
ദൃശ്യങ്ങൾ ശേഖരിക്കുന്നു
നിശാപാർട്ടികളിൽ പങ്കെടുത്തവരെപ്പറ്റിയുള്ള വിവരങ്ങൾ ഹോട്ടലുകളിലെ സി.സി.ടിവി ദൃശ്യങ്ങളിൽ നിന്നും രജിസ്റ്ററിൽ നിന്നും ശേഖരിച്ച് വരികയാണ്. ഇവർ ലഹരി മരുന്ന് ഉപയോഗിച്ചിട്ടുള്ളതായി തെളിഞ്ഞാൽ കർശന നടപടി സ്വീകരിക്കും. ഹോട്ടലിന്റെ അനുമതിയോടെയാണോ ഡി.ജെ പാർട്ടി നടത്തിയതെന്നും അന്വേഷിക്കുന്നുണ്ട്. പുതുവർഷത്തോടനുബന്ധിച്ച് പൊലീസിന്റെ സഹായത്തോടെ എക്‌സൈസ് സംഘം നഗരത്തിൽ പരിശോധനകൾ നടത്തിയിരുന്നു. പിന്നീട് ഇത്തരം പരിശോധനകൾ കുറഞ്ഞതാകാം വീണ്ടും നിശാപാർട്ടികൾ സംഘടിപ്പിക്കാൻ കാരണമെന്നാണ് എക്‌സൈസ് കരുതുന്നത്.
കേസിൽ കൂടുതൽ ആളുകൾ ഉൾപ്പെട്ടിട്ടുണ്ടോയെന്ന് അന്വേഷിച്ച് വരികയാണ്. നഗരത്തിലെ ലഹരിമരുന്ന് പാർട്ടികളെക്കുറിച്ചുള്ള വിശദാംശങ്ങൾ ലഭ്യമായിട്ടുണ്ട്. വരുംദിവസങ്ങളിലും പൊലീസുമായി സഹകരിച്ച് പരിശോധനയുണ്ടാകും.
- അശോക് കുമാർ
ഡെപ്യൂട്ടി കമ്മിഷണർ
എക്സൈസ്, എറണാകുളം