കൊച്ചി: പ്രാദേശിക പത്രപ്രവർത്തകരെ സാംസ്കാരിക ക്ഷേമനിധിയിൽ ഉൾപ്പെടുത്തുമെന്ന സംസ്ഥാന സർക്കാരിന്റെ ബഡ്ജറ്റ് പ്രഖ്യാപനം പുതിയ സർക്കാർ നൂറുദിന കർമ്മപദ്ധതിയിൽപ്പെടുത്തി യാഥാർത്ഥ്യമാക്കണമെന്ന് കേരള ജേർണലിസ്റ്റ്സ് യൂണിയൻ സംസ്ഥാന കമ്മിറ്റി യോഗം ആവശ്യപ്പെട്ടു.
പ്രാദേശിക പത്രപ്രവർത്തകരുടെ വർഷങ്ങളായുള്ള ആവശ്യമാണ് കഴിഞ്ഞ ബഡ്ജറ്റ് ചർച്ചയിൽ സർക്കാർ പ്രഖ്യാപിച്ചത്. നേരത്തെ ഉമ്മൻചാണ്ടി സർക്കാർ ഒരു കോടി രൂപ നീക്കിവച്ചെങ്കിലും തുടർ നടപടികളുണ്ടായില്ല. ഈ സാഹചര്യം ആവർത്തിക്കാതിരിക്കാൻ പുതിയ സർക്കാർ മുൻകരുതലെടുക്കണമെന്നും യോഗം ആവശ്യപ്പെട്ടു. ഐ.ജെ.യു സെക്രട്ടറി ജനറൽ ജി. പ്രഭാകരൻ ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡന്റ് അനിൽ ബിശ്വാസ് അദ്ധ്യക്ഷത വഹിച്ചു.
സെക്രട്ടറി യു. വിക്രമൻ, സംസ്ഥാന ജനറൽ സെക്രട്ടറി കെ.സി. സ്മിജൻ, വൈസ് പ്രസിഡന്റ് ഇ.പി. രാജീവ്, സെക്രട്ടറിമാരായ ശ്രീനി ആലക്കോട്, മനോജ് പുളിവേലിൽ, ട്രഷറർ ഇ.എം. ബാബു, ഐ.ജെ.യു ദേശീയ സമിതിയംഗങ്ങളായ ബാബു തോമസ്, ആഷിക് മണിയംകുളം, സനൽ അടൂർ എന്നിവർ സംസാരിച്ചു.