plastic

കോലഞ്ചേരി: കൊവിഡ് പ്രതിരോധത്തിനിടയിൽ മറന്ന നിരോധിത പ്ളാസ്റ്റിക്ക് മാലിന്യങ്ങൾ നാട്ടിലും നഗരത്തിലും കുമിഞ്ഞു കൂടുന്നു. ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ളാസ്റ്റിക്കിന് 2020 ജനുവരി ഒന്നു മുതലാണ് നിരോധനം ഏർപ്പെടുത്തിയത്. എന്നാൽ കൊവിഡ് മഹാമാരി നാടാകെ പടർന്നതിനൊപ്പം പ്ളാസ്റ്റിക്കും നാട്ടിൽ നിറഞ്ഞു. ആരോഗ്യവിഭാഗവും പഞ്ചായത്തും റവന്യു ഉദ്യോഗസ്ഥരുമായിരുന്നു നിരോധിത പ്ളാസ്റ്റിക്കുകൾക്കെതിരെ നടപടി എടുക്കേണ്ടിയിരുന്നത്. ഇവരെല്ലാം തന്നെ കൊവിഡ് പ്രതിരോധ ജോലികളുടെ ഭാഗമായതോട‌െ പരിശോധനകൾ കുറഞ്ഞതാണ് പ്ളാസ്റ്റിക് വ്യാപനം രൂക്ഷമായത്. ഇതോടെ നിരോധിത പ്ലാസ്റ്റിക് കൂടുകൾ കടകളിലും വഴിയോര കച്ചടവടക്കാർക്കിടയിലും കാര്യമായി വ്യാപിച്ചു. ചെറുകിട വ്യാപാരസ്ഥാപനങ്ങളിലും, പച്ചക്കറി, ഇറച്ചി, മത്സ്യക്കച്ചവടം നടത്തുന്നവർക്കിടയിലും വഴിയോരക്കച്ചവടക്കാർക്കിടയിലുമാണ് പ്ലാസ്​റ്റിക് കൂടുകളുടെ ഉപയോഗം കൂടുതലായി വർദ്ധിച്ചത്.

നിരോധിത പ്ളാസ്റ്റിക്കുകൾ ഉപയോഗിച്ചാൽ ആദ്യ നിയമലംഘനത്തിനു 10,000 രൂപയാണ് പിഴ. ആവർത്തിച്ചാൽ 25,000 രൂപ. മൂന്നാം തവണയും നിയമം ലംഘിച്ചാൽ 50,000 രൂപ പിഴ ഈടാക്കാനുമായിരുന്നു നിർദ്ദേശം. ഒപ്പം സ്ഥാപനത്തിന്റെ പ്രവർത്തന അനുമതിയും റദ്ദാക്കും. കളക്ടർമാർ, സബ് കളക്ടർമാർ, തദ്ദേശ, ആരോഗ്യ വകുപ്പുകളിലെയും മലിനീകരണ നിയന്ത്രണ ബോർഡിലെയും ഉദ്യോഗസ്ഥർ എന്നിവർക്കാണു നിരോധനം നടപ്പാക്കാനുള്ള ചുമതല.ആരോഗ്യവകുപ്പും തദ്ദേശ ഭരണ സ്ഥാപനങ്ങളും ചേർന്ന് ഏറെ പ്രയാസപ്പെട്ടാണ് പ്ലാസ്​റ്റിക് ഉപയോഗം കുറച്ചതെങ്കിലും കൊവിഡ് വ്യാപനത്തിന്റെ മറവിൽ നിയന്ത്രണം നിലച്ചുപോകുകയായിരുന്നു. വരുംദിവസങ്ങളിലും പരിശോധന കർശനമാക്കാനാണ് ആരോഗ്യവിഭാഗത്തിന്റെ തീരുമാനം.

നിരോധിച്ച ഉല്പന്നങ്ങൾ

പ്ലാസ്​റ്റിക് കോട്ടിംഗ് ഉള്ള പേപ്പർ കപ്പുകൾ, പ്ലേ​റ്റുകൾ, പേപ്പർ ബൗൾ, കോട്ടിങ് ഉള്ള പേപ്പർ ബാഗുകൾ,

ഒ​റ്റത്തവണ ഉപയോഗമുള്ള പ്ലാസ്​റ്റിക് സ്പൂൺ, ഫോർക്ക്, സ്‌ട്രോ, ഡിഷുകൾ തുടങ്ങിയവ,

പ്ലാസ്​റ്റിക് ഗാർബേജ് ബാഗ്, പി.വി.സി ഫ്‌ളെക്‌സ് ഉല്പന്നങ്ങൾ,

500 മില്ലി ലിറ്ററിനു താഴെയുള്ള കുടിവെള്ള പെ​റ്റ് ബോട്ടിലുകൾ,

ഒ​റ്റത്തവണ ഉപയോഗമുള്ള പ്ലാസ്​റ്റിക് കപ്പ്, പ്ലേ​റ്റ്,

മേശ വിരിപ്പായി ഉപയോഗിക്കുന്ന പ്ലാസ്​റ്റിക് ഷീ​റ്റ്,

ബ്രാൻഡ് അല്ലാത്ത ജ്യൂസ് ബോട്ടിലുകൾ,

തെർമോക്കോൾ പ്ലേ​റ്റുകളും കപ്പുകളും,

തെർമോക്കോൾ അലങ്കാര വസ്തുക്കൾ,

നോൺ വൂവൺ ബാഗുകൾ,

പ്ലാസ്​റ്റിക് കൊടികൾ