കൊച്ചി: കേരള പ്രീമിയർ ലീഗിൽ കെ.എസ്.ഇ.ബിക്ക് മിന്നും ജയം. എറണാകുളം മഹാരാജാസ് കോളേജ് ഗ്രൗണ്ടിൽ നടന്ന ഗ്രൂപ്പ് ബി മത്സരത്തിൽ ഗോൾഡൻ ത്രെഡ്സ് എഫ്.സിയെ എതിരില്ലാതെ രണ്ട് ഗോളുകൾക്ക് തകർത്തു. തുടർച്ചയായ മൂന്നാം ജയം സ്വന്തമാക്കിയ കെ.എസ്.ഇ.ബി ലീഗിൽ സെമിസാദ്ധ്യത സീസണിൽ നിലനിത്തി. തോൽവിയോടെ ത്രെഡ്സിന്റെ ഭാവി പൂർണമായും അടഞ്ഞു. കെ.എസ്.ഇ.ബിക്കായി എം.ജെ ജോനാസ് (3), എൽദോസ് ജോർജ് (10) എന്നിവർ ഗോൾ നേടി. മികച്ച മത്സരം കാഴ്ചവച്ചെങ്കിലും എതിർവല കുലുക്കാൻ ത്രെഡ്സിന്റെ താരങ്ങൾക്കായില്ല. മത്സരം ആരംഭിച്ച് മൂന്ന് മിനിറ്റ് പിന്നിടും മുമ്പ് ഗോൾഡൻ ത്രെഡ്സിന് കെ.എസ്.ഇ.ബിയുടെ ഷോക്കേറ്റു. മദ്ധ്യഭാഗത്ത് നിന്നും പന്തുമായ നീങ്ങിയ കെ.എസ്.ഇ.ബി മിഡ് ഫീൽഡർ പ്രതിരോധപ്പൂട്ട് പൊളിച്ച് നീട്ടി നൽകിയ പന്ത് മുന്നേറ്റ താരം ജോനാസ് എം. ജോൺ അനായാസം വലയിലെത്തിക്കുകയായിരുനു. തിരിച്ചടിക്ക് കോപ്പുകൂട്ടും മുമ്പ് ഗോൾഡൻ ത്രഡ്‌സിന്റെ വല വീണ്ടും കുലുങ്ങി. 10ാം മിനിറ്റിൽ മദ്ധ്യഭാഗത്ത് നിന്നു വലതുവിംഗിലേക്ക് നീട്ടിനൽകിയ ലോംഗ് ബാൾ ഏറ്റുവാങ്ങി മുന്നോട്ട് കുതിച്ച ജോനാസ് നൽകിയ പ്രതിരോധ നിരയെ കബളിപ്പിച്ച് നൽകിയ ക്രോസ് എൽദോസ് ജോർജ് തട്ടി ഗോളാക്കുകയായിരുന്നു. പതിയെ താളം കണ്ടെത്തിയ ഗോൾഡൻ ത്രഡ്സ് താരങ്ങൾ കെ.എസ്.ഇ.ബിയുടെ ഗോൾ മുഖത്ത് ആക്രമണം അഴിച്ചുവിട്ടു. നിഖിൽ കെ.ഡി, ബിബിൻ അജയൻ , ദുലീപ് മേനോൻ എന്നിവരാണ് കെ.എസ്.ഇ.ബി ഗോൾകീപ്പർ ഷൈൻ ഖാന് ഭീഷണിയായത്. രണ്ടാം പകുതിയുടെ തുടക്കം കെ.എസ്.ഇ.ബി ലീഡ് ഉയർത്തിയെങ്കിലും ഓഫ് സൈഡ് വില്ലനായി. പിന്നീട് ഇരുടീമുകളും ഗോൾമുഖത്ത് മിന്നടാട്ടം നടത്തിയെങ്കിലും ഒന്നും ഫലം കണ്ടില്ല. ത്രെഡ്സിന്റെ പ്രതീക്ഷകളെല്ലാം ക്രോസ് ബാറിലും പോസ്റ്റിലും തട്ടിയകന്നു.